ദിര്ആയില് സമാധാനം: റഷ്യയുമായുള്ള ചര്‍ച്ച തകര്‍ന്നുവെന്ന് വിമതര്‍
ദമസ്കസ്: വിമത മേഖലയായ ദിര്ആയില് ആക്രമണം നിര്‍ത്തുന്നതിനു വേണ്ടി റഷ്യയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് വിമതര്‍. വിമതരുടെ കൈയ്യില്‍ നിന്ന് ദിര്ആ പിടിച്ചെടുക്കാന്‍ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയതിനിടയിലാണ് റഷ്യയുമായി ചര്‍ച്ച നടത്തിയത്.
റഷ്യന്‍ അധികൃതരും ദിര്ആ സൈനിക കമ്മിറ്റിയും വിമതരും തമ്മിലാണ് സമാധാന കരാറിലെത്താന്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ നേരത്തെ, കിഴക്കന്‍ ഗൂഥയില്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണ് റഷ്യ വിമതര്‍ക്കു മുമ്പില്‍വച്ചത്. ഒന്നുകില്‍ ആയുധംവച്ച് കീഴടങ്ങി സര്‍ക്കാര്‍ ഭരണം ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ വിമത പോരാളികള്‍ ദിര്ആ വിടുക എന്നീ നിര്‍ദേശങ്ങളാണ് റഷ്യ മുമ്പോട്ടുവച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് വിമതര്‍ പറഞ്ഞു.
തെക്കു-പടിഞ്ഞാറന്‍ സിറിയന്‍ പ്രദേശമായ ദിര്ആയില് ഈമാസമാണ് സര്‍ക്കാര്‍ സൈന്യം ആക്രമണം തുടങ്ങിയത്. ഇതിനകം ദിര്ആയുടെ കിഴക്കന്‍ ഭാഗം സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. 1,60,000 പേരാണ് ഇവിടെ നിന്ന് ആക്രമണം മൂലം കുടിയൊഴിപ്പിക്കപ്പെട്ടത്.
ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ റഷ്യ തയ്യാറാവുന്നില്ല. അവര്‍ ഒരു നിര്‍ദേശം മാത്രം മുമ്പോട്ടുവച്ചു. എന്നാല്‍ ഞങ്ങള്‍ക്കത് അംഗീകരിക്കാനാവില്ലെന്നും ഫ്രീ സിറിയന്‍ ആര്‍മി വക്താവ് ഇബ്രാഹിം ജബാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."