സാക്ഷരതാ മിഷനില്‍ സാങ്കല്‍പിക തസ്തികകള്‍ 44; ഖജനാവില്‍ നിന്നും തട്ടിയത് 4.8 കോടി
#ആദില്‍ ആറാട്ടുപുഴ
അലപ്പുഴ: സാക്ഷരതാ മിഷനില്‍ മിനിമം വേതനം നടപ്പിലാക്കിയ ധനവകുപ്പ് നടപടിയില്‍ അടിമുടി ക്രമക്കേട്. ഇതുവരെ ധനവകുപ്പിന് സമാന തസ്തിക കണ്ടെത്താന്‍ കഴിയാത്ത ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അടക്കം സാങ്കല്‍പിക തസ്തികകളില്‍ അധിക വേതനം അനുവദിച്ചത് 44 എണ്ണത്തില്‍.
സാക്ഷരതാ മിഷന്റെ ജില്ലാ പ്രേരക്മാരായി പ്രവര്‍ത്തിക്കേണ്ടവര്‍ക്ക് ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്ന തസ്തികക്ക് 39,500 രൂപ വേതനം അനുവദിച്ച ധനവകുപ്പ് അസി. ജില്ലാ പ്രൊജക്ട് എന്ന മറ്റൊരു സാങ്കല്‍പിക തസ്തികയില്‍ അനുവദിച്ച അധിക വേതനം 32,300 രൂപ. സാക്ഷരതാ മിഷനു കീഴില്‍ അസി. ജില്ലാ പ്രേരക്മാരായി പ്രവര്‍ത്തിക്കുന്ന 30 പേര്‍ക്കാണ് അസി. ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയില്‍ ഇത്രയും വേതനം നല്‍കിയത്. ഇതോടെ 2016 സെപ്റ്റംബര്‍ മുതല്‍ സാക്ഷരതാ മിഷനില്‍ സാങ്കല്‍പിക തസ്തികകളില്‍ അധിക വേതനം അനുവദിച്ച വകയില്‍ ഖജനാവിന് നഷ്ടം നാലുകോടി എണ്‍പതു ലക്ഷത്തി എഴുപതിനായിരം രൂപ. (14 ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മാര്‍ക്ക് 39,500 രൂപ വേതനവും 5000 രൂപ സ്‌പെഷ്യല്‍ അലവന്‍സും അടക്കം ഒരു കോടി തൊണ്ണൂറു ലക്ഷവും 30 അസി. ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ 32,300 രൂപ വീതം ശമ്പളം നല്‍കിയ വകയില്‍ രണ്ടുകോടി തൊണ്ണൂറു ലക്ഷത്തി എഴുപതിനായിരവും. രണ്ട് സാങ്കല്‍പിക തസ്തികകളില്‍ മൊത്തം 4,80,70000 രൂപ).
എന്‍ട്രി കേഡറില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ക്ക് (പഞ്ചായത്ത് കോര്‍ഡിനേറ്റര്‍) 12000, നോഡല്‍ പ്രേരക്മാര്‍ക്ക് (ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍) 15000 എന്നിങ്ങനെയാണ് നിലവില്‍ വേതനം നല്‍കി വരുന്നത്. അതേസമയം ജില്ലാ പ്രേരക്, ജില്ലാ അസിസ്റ്റന്റ് പ്രേരക് തസ്തികകളില്‍ (യഥാക്രമം ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ അസി. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്നീ സാങ്കല്‍പിക തസ്തികകള്‍) ഇത്രയും അധിക വേതനം നല്‍കുന്നത് ഏതുമാനദണ്ഡം അനുസരിച്ചെന്നു വ്യക്തമല്ല.മിനിമം വേതനം നടപ്പാക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൃത്രിമ മാനദണ്ഡം സൃഷ്ടിക്കരുതെന്നു സുപ്രീം കോടതിയും ഉത്തരവ് ഇറക്കിയിരുന്നു. അതേസമയം ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ അസി. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്നീ സാങ്കല്‍പിക തസ്തികകള്‍ സൃഷ്ട്ടിച്ചതിലൂടെ പ്രേരക്മാര്‍ക്ക് കിട്ടേണ്ടിയിരുന്ന പ്രമോഷന്‍ സാധ്യതയും അട്ടിമറിക്കപ്പെട്ടു. 20 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയവും ഉന്നത വിദ്യാഭ്യാസവും ഉള്ളവരാണ് പ്രേരകമാരില്‍ ഭൂരിപക്ഷവും. നിലവില്‍ 44 സാങ്കല്‍പിക തസ്തികകളില്‍ പ്രവര്‍ത്തിച്ചുവരുന്നവരെ സാക്ഷരതാ മിഷന്‍ നേരിട്ടാണ് നിയമിച്ചത്. ഇവരില്‍ ആരും തന്നെ പ്രേരക്മാരില്‍ നിന്ന് പ്രമോട്ട് ചെയ്യപ്പെട്ടവരല്ല. ജില്ലകളില്‍ പ്രൊജക്ടുകള്‍ ഉണ്ടാക്കാത്ത സാഹചര്യത്തില്‍ ഇതിനായി 44 സാങ്കല്‍പിക തസ്തികകള്‍ എങ്ങനെ ഉണ്ടാക്കിയെന്നുള്ളതും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ ജില്ലാതല സംഘാടനം മാത്രമാണ് ജില്ലാ പ്രേരക്, ജില്ലാ അസി. പ്രേരക്മാരുടെ ചുമതല. ഇവര്‍ക്കാണ് ഇത്രയും വലിയ വേതനം അനുവദിച്ചത്. സാക്ഷരതാ മിഷന്‍ സംസ്ഥാന ഓഫിസര്‍മാര്‍ക്ക് ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയില്‍ അനുവദിച്ചതിനേക്കാള്‍ കുറഞ്ഞ പ്രതിഫലം ധനവകുപ്പ് നിശ്ചയിച്ചതും മറ്റൊരു വൈരുധ്യമായി അവശേഷിക്കുകയാണ്. അതേസമയം ധനമന്ത്രിയുടെ ഓഫിസാണ് സാങ്കല്‍പിക തസ്തികകളില്‍ അധിക വേതനം അനുവദിച്ചതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ നിരപരാധികളാണെന്നുമാണ് ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ സാങ്കല്‍പിക തസ്തികകള്‍ ഉണ്ടാക്കി ഖജനാവ് കൊള്ളയടിക്കുന്നത് തടയാനായാണ് 2016 ഫെബ്രുവരിയില്‍ മിനിമം വേതന ഉത്തരവും അംഗീകൃത തസ്തികകളുടെ പട്ടികയും സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍, ഇതെല്ലാം അട്ടിമറിക്കുന്ന നടപടിയാണ് ധനവകുപ്പ് നടത്തുന്നത്.മിനിമം വേതനം നിശ്ചയിച്ച് 2016 ഫെബ്രുവരിയില്‍ ധനവകുപ്പ് ഇറക്കിയ നൂറോളം തസ്തികകളില്‍ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രൊജക്ട് അസി. കോര്‍ഡിനേറ്റര്‍ തസ്തികകള്‍ ഇല്ല. ഈ തസ്തികളില്‍ വലിയ ശമ്പളം നിശ്ചയിച്ചു 2016 സെപ്റ്റംബറില്‍ ഇറക്കിയ ഉത്തരവില്‍ ഏതു സമാന തസ്തിക എന്നു പറയുന്നില്ല. ഈ തസ്തികകളുടെ സമാന തസ്തികകള്‍ കണ്ടെത്തി നല്‍കാന്‍ ധനവകുപ്പിന് 2018 ഒക്ടോബറില്‍ സാക്ഷരതാ മിഷന്‍ കത്ത് നല്‍കിയെങ്കിലും കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും ഈ തസ്തികകള്‍ ഇല്ലാത്തതു കൊണ്ട് സമാന തസ്തികകള്‍ കണ്ടെത്താന്‍ ഇതു വരെ ധനവകുപ്പിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ 2016 സെപ്റ്റംബര്‍ മുതല്‍ ഈ തസ്തികകളില്‍ ധനവകുപ്പ് ഇത്രയും വലിയ വേതനം അനുവദിച്ചുവെന്ന ചോദ്യത്തില്‍ നിന്നാണ് ഈ അഴിമതിയുടെ ചുരുളഴിയുന്നത്. ഇതിന് പുറമേ സാക്ഷരതാ മിഷന്‍ അസി. ഡയരക്ടര്‍ ആയി ഡോക്ടറേറ്റ് ഉള്ളവരെയോ അതല്ലെങ്കില്‍ കോളജ് അധ്യാപന പരിചയം ഉള്ളവരെയോ ആണ് നിയമിക്കേണ്ടതെന്നിരിക്കേ കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന സ്ഥാപനത്തിലെ അസി. ഡയരക്ടര്‍ക്കുള്ള യോഗ്യത വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ പി.ജി മാത്രമാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."