അതിര്‍ത്തികളിലൂടെ കള്ളക്കടത്ത് സജീവം; ഊടുവഴി തെരഞ്ഞെടുത്ത് കള്ളക്കടത്തുകാര്‍
വാളയാര്‍: സംസ്ഥാനതിര്‍ത്തി കടന്നു കേരളത്തിലേക്ക് കുഴല്‍പ്പണത്തിന്റെയും ലഹരി വസ്തുക്കളുടെയും കടത്ത് വര്‍ദ്ധിച്ചതോടെ ദേശീയ പാതയിലെ വാഹന പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ കള്ളക്കടത്തുകാര്‍ ഊടുവഴി തെരഞ്ഞെടുക്കുന്നു. കോയമ്പത്തൂര്‍ -പാലക്കാട് ദേശീയ പാതയില്‍ വാളയാറിനും കൂട്ടുപാതക്കുമിടയിലാണ് വാഹനപരിശോധനയുള്ളതെന്നിരിക്കെ ഇതിനിടയിലുള്ള സമാന്തരപാതകളാണ് കള്ളക്കടത്തിന് തെരഞ്ഞെടുക്കുന്നത്.
വാളയാര്‍ അതിര്‍ത്തി കടന്നാല്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവാന്‍ നഗരത്തിലെത്താതെയുള്ള പ്രധാന വഴിയാണ് കഞ്ചിക്കോട് - മലമ്പുഴ റോഡ്. വാഹന ഗതാഗതം കുറഞ്ഞ വഴിയായതിനാല്‍ ഈ റോഡില്‍ വാഹന പരിശോധന ഉണ്ടാവാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ ദിവസം 1.12 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടിയത് ഇവിടെ നിന്നാണ്. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണഅ ഇത് പിടിച്ചതെങ്കിലും ഇതുവഴി ഇനിയും ഇത്തരം കള്ളക്കടത്ത് വാഹനങ്ങള്‍ വരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
വാളയാര്‍ അതിര്‍ത്തി കടന്ന് അടുത്ത കാലത്തായി സ്വര്‍ണ്ണം, കുഴല്‍പ്പണം, കഞ്ചാവ്, വജ്രഭരണങ്ങള്‍ എന്നിവയുടെ കടത്ത് ഗണ്യമായി വര്‍ധിക്കുകയാണ്. സ്വകാര്യ വാഹനങ്ങളിലും ആഡംബര ബസുകളിലേതിനു പുറമെ അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ വരെ കള്ളക്കടത്ത് സജീവമാവുകയാണ്. ഒരു വര്‍ഷത്തിനിടെ പിടികൂടിയത്ഏകദേശം 5 കോടിയുടെ കുഴല്‍പ്പണം മാത്രമാണ്. ഇതുവരെ 589 കിലോ ഗ്രാം കഞ്ചാവ്, 38.21 ലിറ്റര്‍ ഹാഷിഷ് ഓയില്‍, 378 ലിറ്റര്‍ ചാരായം, 31,812 ലിറ്റര്‍ വാഷ്., 4,862 ലിറ്റര്‍ കള്ള്, 4,266 ലിറ്റര്‍ വിദേശ മദ്യം, 1743 ലിറ്റര്‍ ബിയര്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമെ 5810 കലോ നിരോധിത വിദേശ മദ്യവും, 31 ലിറ്റര്‍ വ്യാജ അരിഷ്ടവും 3570 നൈട്രോസ്പാം ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്.
ലഹരി വസ്തുക്കള്‍ക്കും പണത്തിനും പുറമെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18.99 കിലോയോളം സ്വര്‍ണം, 85.16 കിലോ വെള്ളി, 1200 ജെലാറ്റിന്‍ സ്റ്റിക്ക്, പത്ത് ലക്ഷം രൂപയുടെ ഡയമണ്ട്, ഒന്നരക്കിലോചെമ്പ് എന്നിവയും പിടിച്ചെടുത്തവയില്‍ പെടുന്നു. പണം സ്വര്‍ണം എന്നിവ കടത്തുന്നത് ആഡംബര വാഹനങ്ങളിലാണെങ്കില്‍ കഞ്ചാവ് കടത്തിന് പിന്നില്‍ കൂടുതലും യുവാക്കളാണ്.
നിരോധിത പുകയിലയുല്‍പ്പന്നങ്ങളും മദ്യവുമെത്തുന്നത് ചരക്കുവാഹനങ്ങളിലും ബസുകളിലുമാണെങ്കില്‍ അതിര്‍ത്തികളിലും ദേശീയപാതയിലും എത്ര തന്നെ വാഹന പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടും അനുദിനം കള്ളക്കടത്തിന് ഒഴുക്ക് വര്‍ദ്ദിച്ചിരിക്കുകയാണ്. അറസ്റ്റിലാകുന്നവര്‍ നാളുകള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങുന്നതിനാല്‍ വീണ്ടും കടത്തല്‍ സജീവമാകുന്നു.
കുഴല്‍പ്പണം, സ്പിരിറ്റ് എന്നിവയെല്ലാം രഹസ്യ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് കൂടുതലായും പിടിക്കപ്പെടുന്നതെന്നതിനാല്‍ പരിശോധനയില്‍പ്പെടാതെ എത്രയോ കള്ളക്കടത്തു വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്താറുണ്ട്. എക്‌സൈസും പോലീസും ദേശീയ -സംസ്ഥാന പാതകളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ദേശീയ പാതകളില്‍ നിന്നുള്ള ഊടുവഴികളിലടെയുള്ള കള്ളക്കടത്തുകാരുടെ യാത്ര ആശങ്കജനകമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."