യു.എസില്‍ 9,300 പേര്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: യു.എസില്‍ 40ലേറെ നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും പ്രക്ഷോഭകര്‍ തെരുവില്‍ തുടരുന്നു. ഇന്നലെ കര്‍ഫ്യൂ വകവയ്ക്കാതെ ആയിരക്കണക്കിന് പേരാണ് ന്യൂയോര്‍ക്കിലെ തെരുവുകളില്‍ അണിനിരന്നത്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകിയായ പൊലിസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇയാള്‍ക്കെതിരേ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചുമത്തണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
നിലവില്‍ തേഡ് ഡിഗ്രി മര്‍ഡറാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. ഇത് കടുത്ത ശിക്ഷയില്‍ നിന്നും പ്രതിയായ ഡെറിക് ഷോണ്‍ രക്ഷപ്പെടാനിടയാക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ജോര്‍ജിനെ പിടികൂടാന്‍ ഡെറിക്കിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പൊലിസുകാര്‍ക്കും അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് പ്രസിഡന്റ് ട്രംപ് തയാറാവാത്തതില്‍ അമേരിക്കന്‍ ജനത രോഷാകുലരാണ്. വൈറ്റ്ഹൗസിനകത്തേക്ക് കടന്നാല്‍ വെറിപിടിച്ച നായ്ക്കളും നൂതന ആയുധങ്ങളുമാണ് അവരെ കാത്തിരിക്കുന്നതെന്ന് ബങ്കറില്‍ ഒളിവില്‍ കഴിയവെ ട്രംപ് പറഞ്ഞിരുന്നു.
മന്‍ഹാട്ടനിലും ബ്രൂക്ലിനിലും ആയിരങ്ങളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. വ്യാപാരികള്‍ കടകളടച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പൊലിസ് ഇതിനകം 9,300 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലയിടത്തും പ്രതിഷേധക്കാരെ പിരിച്ചുവിടാനായി കണ്ണീര്‍വാതകം പ്രയോഗിച്ചു.
ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളും ഹോളിവുഡ് താരങ്ങളും സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പൊലിസില്‍ ഒരു വിഭാഗവും പ്രതിഷേധക്കാരുടെ കൂടെയാണ്. പല നഗരങ്ങളിലെ മേയര്‍മാരും പ്രതിഷേധത്തെ അനുകൂലിക്കുന്നു. ഇതിനാലാണ് നാഷനല്‍ ഗാര്‍ഡിനെ ഉപയോഗിച്ച് സമരക്കാരെ അടിച്ചമര്‍ത്താന്‍ ട്രംപ് ഗവര്‍ണര്‍മാരോട് ഉത്തരവിട്ടത്.
അതിനിടെ ഭൂരിപക്ഷം അമേരിക്കക്കാരും രാജ്യവ്യാപക പ്രതിഷേധത്തോട് കൂറുള്ളവരാണെന്ന അഭിപ്രായ സര്‍വെ ഫലം പുറത്തുവന്നു.
തെരുവില്‍ പ്രതിഷേധിക്കുന്നതിനോട് 64 ശതമാനം പേരും ഐക്യപ്പെടുന്നതായും 27 ശതമാനം പേര്‍ മാത്രമാണ് ഇതിനോട് വിയോജിക്കുന്നതെന്നുമാണ് സര്‍വെ പറയുന്നത്. സൈന്യത്തെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്തുമെന്നു പറയുന്ന ട്രംപിന്റെ ജനപ്രീതി ഇതിനകം നഷ്ടമായത് വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. സമരക്കാരെ ട്രംപ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നാണ് 55 ശതമാനം പേരും കരുതുന്നത്. ഫ്‌ളോയിഡിന് പ്രണാമമര്‍പ്പിച്ച് പ്രമുഖ പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കിയാണ് യു.എസ് സംഗീതജ്ഞനായ ജെ ഇസഡ് പിന്തുണ അറിയിച്ചത്. അതിനിടെ ബ്രിട്ടനുള്‍പ്പെടെ യു.എസിന്റെ സഖ്യരാജ്യങ്ങള്‍ വര്‍ണവെറിക്കെതിരായ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചു.
പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. യു.എസിന്റെ മനുഷ്യാവകാശ നയത്തിലെ വൈരുദ്ധ്യമാണ് ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം കാണിക്കുന്നതെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഈ പറഞ്ഞു.
ഫ്‌ളോയിഡിന്റെ കൊലപാതകം ഞെട്ടിച്ചതായി ജര്‍മന്‍ വക്താവ് പറഞ്ഞു. കൊലപാതകത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയും അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."