ജലീലിന്റെ കൊല: 'സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും ഒറ്റുകാരും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍'; തിരിച്ചടിക്കുമെന്നും മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്
തലപ്പുഴ(വയനാട്): മാവോയിസ്റ്റ് ജലീലിന്റെ കൊലപാതകം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും ഒറ്റുകാരും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് മാവോയിസ്റ്റുകള്‍. ലക്കിടിയില്‍ ചിതറിയ ചോരക്കു പകരം ചോദിക്കുമെന്നും കൊലയാളികള്‍ക്ക് മാപ്പില്ലെന്നും
ഇന്നലെ മക്കിമലയിലെത്തിയ മാവോയിസ്റ്റുകള്‍ മുന്നറിയിപ്പും നല്‍കുന്നു. വിതരണം ചെയ്ത ലഘുലേഖയില്‍ സി.പി.എമ്മിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട നാലംഗ ആയുധധാരികളാണ് ഇതുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ പരിസരത്ത് വിതരണം ചെയ്തത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഘം മക്കിമലയിലെത്തിമുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്ത് പോസ്റ്ററൊട്ടിക്കുകയും ചെയ്തത്.
രണ്ടു സ്ത്രീകളും ഒരു പുരുഷനും മങ്കിത്തൊപ്പിയണിഞ്ഞ് മുഖം മറച്ചിരുന്നു. എന്നാല്‍ നാലാമന്‍ മുഖം മറക്കാതെയുമാണ് തോക്കുയര്‍ത്തിപ്പിടിച്ച് റോഡിലൂടെ മുദ്രാവാക്യം വിളിച്ച് നീങ്ങിയത്. ഈ സമയത്ത് മക്കിമലയില്‍ 15ഓളം ആളുകള്‍ ഉണ്ടായിരുന്നു. റോഡിലുണ്ടായിരുന്ന പലര്‍ക്കും മാവോയിസ്റ്റുകള്‍ ഹസ്തതദാനം നല്‍കി സംസാരിക്കുകയും ചെയ്തു. ചിലര്‍ മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുവെന്നും നാട്ടുകാര്‍ പറയുന്നു.
ഒരാള്‍ മലയാളത്തിലും മറ്റൊരാള്‍ മലയാളം കലര്‍ന്ന കര്‍ണാടകയിലുമാണ് സംസാരിച്ചത്. അര മണിക്കൂര്‍ നേരമാണ് സംഘം മക്കിമലയില്‍ ചെലവഴിച്ചത്. ഞങ്ങള്‍ ജാര്‍ഖണ്ഡില്‍ നിന്നും വന്നവരല്ല മലയാളികളാണെന്നും ജലീലിന്റെ കൊലപാതകത്തില്‍ പ്രതികരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു.
2019 മാര്‍ച്ചില്‍ പ്രിന്റ് ചെയ്ത കാട്ടുതീ ലഘുലേഖയും നാട്ടുകാര്‍ക്ക് വിതരണം ചെയ്തു.
ജലീലിന്റെ രക്തസാക്ഷിത്വം സി.പി.എം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ്, കൊലയാളികള്‍ക്ക് മാപ്പില്ല, അനശ്വര വിപ്ലവകാരി ജലീലിന് ലാല്‍സലാം എന്നെഴുതിയ പോസ്റ്ററുകളാണ് പരിസരത്ത് ഇവര്‍ പതിച്ചത്.
കൊല ചെയ്യപ്പെട്ട ജലീലിന്റെ ഫോട്ടോ വെച്ച് പ്രിന്റ് ചെയ്ത ലഘുലേഖയില്‍ പുത്തന്‍ ജനാധിപത്യ ഇന്ത്യക്കായി പൊരുതി മരിച്ച ധീര രക്തസാക്ഷി സി.പി ജലീലിന് ചുകപ്പന്‍ അഭിവാദ്യങ്ങള്‍ എന്ന തലക്കെട്ടോടുകൂടി ജലീലിന്റെ ജീവിത വഴികളും പരാമര്‍ശിച്ചിട്ടുണ്ട്.
സി.പി.ഐ മാവോയിസ്റ്റ് കബനീദളം വക്താവ് മന്ദാകിനിയുടെ പേരിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ഥലത്തെ കരിയങ്ങാടന്‍ സിദ്ദീഖിന്റെ പലചരക്ക് കടയില്‍ നിന്നും മുട്ടയും ബ്രഡും അടക്കം നൂറ് രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി പണം നല്‍കിയ ശേഷമാണ് സംഘം തിരിച്ചു പോയത്.
സംഭവമറിഞ്ഞ ഉടന്‍ തലപ്പുഴ പൊലിസും തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മുന്‍പും മാവോയിസ്റ്റ് സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ച പ്രദേശമാണ് മക്കിമല. പ്രദേശത്തെ അത്തിമല കോളനിയിലെ ജിഷ എന്ന യുവതി നേരത്തെ മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്ന കാര്യം പൊലിസ് സ്ഥിരീകരിച്ചിരുന്നു.
ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോയിസ്്റ്റ് നേതാവ് രൂപേഷ് അടക്കമുള്ള സംഘം മുന്‍പ് മക്കിമല കോളനിലെത്തിയിരുന്നു. ഇത് സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ട്.
ഞായറാഴ്ച മക്കിമലയിലെത്തിയ നാലംഗ സംഘത്തിന്റെ പേരില്‍ യു.എ.പി.എ പ്രകാരം തലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."