'സ്വന്തം മണ്ഡലത്തിലെ കുറ്റകൃത്യത്തിന്റെ കണക്കുകള്‍ അറിയാമോ മനേകാ ഗാന്ധി'- മലപ്പുറത്തെ അപമാനിച്ച ബി.ജെ.പി നേതാവിന് കിടിലന്‍ മറുപടിയുമായി ഡോക്ടര്‍ ജിനേഷ് പി.എസ്
കോട്ടയം: പാലക്കാട് ജില്ലയില്‍ കാട്ടാന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തിന് നേരെ തിരിഞ്ഞ ബി.ജെ.പി നേതാവ് മനേകാ ഗാന്ധിക്ക് കിടിലന്‍ മറുപടിയുമായി ഡോക്ടര്‍ ജിനേഷ് പി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലപ്പുറത്തിന് മേല്‍ കുതിരകയറും മുമ്പ് സ്വന്തം മണ്ഡലത്തിലെ കുറ്റകൃത്യങ്ങളുടെ കണക്കെടുക്കാനാണ് മനേകയോട് ഡോക്ടര്‍ ആവശ്യപ്പെടുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സ്റ്റാറ്റിസ്റ്റിക്‌സിന്‍രെ കണക്കുകല്‍ പങ്കുവെച്ചാണ് ഡോക്ടറുടെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറം ഇന്ത്യയിലെ ഏറ്റവും വയലന്റ് ജില്ലയാണെന്ന് പറഞ്ഞ മനേകാ ഗാന്ധിയോടാണ്...
താങ്കളുടെ മണ്ഡലമായ സുല്‍ത്താന്‍പൂര്‍ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് നിങ്ങള്‍ക്ക് അറിയുമോ ?
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ നല്‍കുന്ന 2018ലെ കണക്കുകള്‍ മാത്രം ഒന്ന് പരിശോധിക്കാം. കൂടെ താങ്കള്‍ പറഞ്ഞ മലപ്പുറം ജില്ലയിലെ കണക്കുകളും നോക്കാം.
2018ല്‍ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മര്‍ഡര്‍ (Section 302 IPC) കേസുകള്‍ 55
അതേ കാലയളവില്‍ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മര്‍ഡര്‍ കേസുകള്‍ 18
സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മനപ്പൂര്‍വമല്ലാത്ത നരഹത്യ കേസുകള്‍ (Culpable homicide not amounting to murder, Sec 304 IPC) 6
മലപ്പുറത്ത് 7
സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ത്രീധന മരണങ്ങള്‍ (Dowry death, Sec 304B IPC) 22
മലപ്പുറത്ത് 2
ഇനി വാഹനാപകടങ്ങളിലേക്ക് വരാം (Sec 304A IPC),
സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ നടന്ന 206 വാഹന അപകട മരണങ്ങളും ഹിറ്റ് ആന്‍ഡ് റണ്‍. അതായത് അപകടം സംഭവിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു മുങ്ങി എന്ന്...
മലപ്പുറത്ത് ആകെ നടന്ന 313 വാഹന അപകട മരണങ്ങളില്‍ എട്ടെണ്ണം മാത്രം ഹിറ്റ് ആന്‍ഡ് റണ്‍.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്ന് ചില കണക്കുകള്‍ മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. കുറ്റകൃത്യം നടന്നാല്‍ പരാതിപ്പെടാനും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാനും ഏറ്റവും സാധ്യത കൂടിയ സ്ഥലം ആയ കേരളവും പല കാരണങ്ങളാല്‍ പരാതിപ്പെടാനും കേസെടുക്കാനും സാധ്യത കുറഞ്ഞ ഉത്തര്‍പ്രദേശും തമ്മില്‍ എല്ലാ തരത്തിലുള്ള കേസുകളിലും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ കണക്കുകളില്‍ തെറ്റ് വരാന്‍ സാധ്യത കുറവായതിനാല്‍ ആ കണക്കുകള്‍ താരതമ്യം ചെയ്തു എന്ന് മാത്രം.
വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്‍ട്രല്‍ മിനിസ്റ്റര്‍ ആയിരുന്ന ഒരാള്‍ ആതുകൊണ്ട് കിഡ്‌നാപ്പിംഗ് കേസുകള്‍ കൂടി ഒന്ന് നോക്കാം.
സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ 292, അതില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ 65
മലപ്പുറത്ത് യഥാക്രമം 24 ഉം 4 ഉം.
'Res ipsa loquitur' എന്നൊരു പ്രയോഗമുണ്ട്. The thing speaks for itself എന്നാണ് അതിനര്‍ത്ഥം. ഈ കണക്കുകള്‍ സംസാരിക്കും. വിശദീകരിക്കേണ്ട കാര്യമില്ല.
ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയുടെ ക്രൈം നിരക്കുകള്‍ പോലും പറയാതെ കേരളത്തിലെ മലപ്പുറത്തെ കരിവാരിത്തേക്കാന്‍ മന:പ്പൂര്‍വം നുണ പറയുന്നത് അംഗീകരിക്കാനാവില്ല, അത് എന്ത് രാഷ്ട്രീയത്തിന്റെ പേരില്‍ ആയാലും മൃഗപരിസ്ഥിതി സ്‌നേഹത്തിന്റെ പേരിലായാലും.
അതുകൊണ്ട് മനുഷ്യത്വം എന്ന ഒന്നുണ്ടെങ്കില്‍ നിങ്ങള്‍ മാപ്പ് പറയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."