കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ കാവിവല്‍ക്കരണം; പ്രോ.വി.സിയായി ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ്
കോഴിക്കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാല സംഘ്പരിവാര്‍വല്‍ക്കരിക്കുന്നു. പുതിയ തസ്തികളില്‍ പലതിലും ആര്‍.എസ്.എസ് അനുകൂലികളെ മാത്രമാണ് നിയമിക്കുന്നത്.
പുതിയ പ്രൊ. വൈസ് ചാന്‍സിലറായി നിശ്ചയിച്ചിരിക്കുന്നത് ആര്‍.എസ്.എസിന്റെ കേരളത്തിലെ ബൗദ്ധിക നേതാവും ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ കെ. ജയപ്രസാദിനെയാണ്.
കൈമനം സ്വദേശിയായ ജയപ്രസാദ് നിലവില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറാണ്. വൈസ് ചാന്‍സിലര്‍ ഗോപകുമാറും രജിസ്ട്രാര്‍ രാധാകൃഷ്ണന്‍ നായരും ജയപ്രസാദിന്റെ താല്‍പ്പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ജയപ്രസാദ് പ്രൊ വിസിയായി ചുമതലയേല്‍ക്കുന്നതോടെ കാമ്പസ് പൂര്‍ണമായും ആര്‍.എസ്.എസ് വല്‍ക്കരിക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
കേരളത്തിലെ ആര്‍.എസ്.എസിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള പഠനത്തിനാണ് ഇദ്ദേഹത്തിന് ഡോക്ടറേറ്റു ലഭിച്ചത്. 1991 ല്‍ സൗത്ത് ഏഷ്യന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ആര്‍.എസ്.എസ് ആന്റ് നാഷനലിസം ഇന്‍ റോഡ്‌സ് ഇന്‍ ലെഫറ്റിസ്റ്റ് സ്‌ട്രോങ് ഹോള്‍ഡ് എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണിദ്ദേഹം.
താല്‍ക്കാലിക പോസ്റ്റുകളില്‍ മുഴുവന്‍ സംഘ്പരിവാര്‍ അനുകൂലികളെയാണ് നിയമിക്കുന്നത്. സ്ഥിര നിയമനത്തിന് അവസരമുണ്ടായിട്ടും സംഘ്പരിവാര്‍ അനുകൂലികളെ നിയമിക്കാനായി താല്‍ക്കാലിക നിയമനം നടത്തുകയാണിവിടെ. ഇതിന്റെ മറവില്‍ അഴിമതി നടക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അഴിമതി നടത്തുന്നതായി യു.ജി.സിക്കു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അനാവശ്യമായ തസ്തികകളിലുള്ള താല്‍ക്കാലിക ജോലിക്കാരെ പിരിച്ചുവിടാന്‍ യു.ജി.സി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അനാവശ്യമായ പല പോസ്റ്റുകളിലുമുള്ളവരെ പിരിച്ചുവിടാതെ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ ഭക്ഷണം തയാറാക്കുന്ന പാചകക്കാരനെ പിരിച്ചുവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."