ആനാപ്പാറ ആരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതി പ്രവര്‍ത്തനം താളം തെറ്റി
കുന്ദമംഗലം: സംസ്ഥാന സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കുന്ദമംഗലം ആനാപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രഖ്യാപിച്ച ആര്‍ദ്രം പദ്ധതി കരാരുകാരുടെ അനാസ്ഥ കാരണം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനം താളം തെറ്റി.
കഴിഞ്ഞ ജനുവരിയിലാണ് കുന്ദമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ആര്‍ദ്രം പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ആശുപത്രിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 14 ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍നിന്ന് 16 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആറു പുതിയ തസ്തികകളും പ്രഖ്യാപിച്ചു. ലാബോറട്ടറിയില്‍ പുതിയ ലാബ് ടെക്‌നീഷ്യനെയും നിയമിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയ്ക്കായി ആശുപത്രിയില്‍ ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ 14 ലക്ഷം അനുവദിച്ചത്.
ഇതിന് പുറമെ എം.എല്‍.എ അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ച് രോഗികള്‍ക്ക് വെയിറ്റിങ് ഏരിയ നിര്‍മിക്കുന്നതിനും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ ആവശ്യമായ ചില ഉപകരണങ്ങള്‍ മാത്രമാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് എത്തിച്ചിട്ടുള്ളത്. എം.എല്‍.എ അനുവദിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കേണ്ട വെയ്റ്റിങ് ഏരിയയുടെ നിര്‍മാണം നടത്തുന്നതിന് യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ദിവസേന മുന്നൂറിലധികം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി നടപ്പിലാക്കുന്നതോടെ രോഗികള്‍ക്ക് ഏറെ ആശ്വാസമാവുമായിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥ മൂലം ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.
ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി നടപ്പിലാക്കുന്നതോടെ ഓരോ കുടുംബത്തിനും ഡോക്ടറുടെ സ്ഥിരസേവനം ലഭ്യമാകുമ്പോള്‍ രോഗികളുടെ ചികിത്സാ കാര്യങ്ങളുടെ ഉത്തരവാദിത്തം കുടുംബ ഡോക്ടര്‍ക്കായിരിക്കും. തന്റെ കീഴിലുള്ള കുടുംബത്തിലെ അംഗത്തിന് ഏതു തരത്തിലുള്ള വിദഗ്ധ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബ ഡോക്ടറാണ് നിര്‍ദേശിക്കുക. കുടുംബ ഡോക്ടറെ സഹായിക്കാനും ആ പ്രദേശത്ത് പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാനും പരിസരശുചീകരണത്തിനും കുടുംബ ഡോക്ടര്‍മാരുടെ കീഴില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യവളണ്ടിയര്‍ സേനയും പ്രവര്‍ത്തിക്കും. ആര്‍ദ്രം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് നാലു ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതില്‍ നവീകരിക്കുകയും മൂന്നു ലക്ഷം രൂപ ഉപയോഗിച്ച് ശുചിമുറി നിര്‍മിക്കുകയും ചെയ്തിരുന്നു.
16 ലക്ഷം ഉപയോഗിച്ച് നടപ്പിലാക്കുന്ന കെട്ടിട പുനുരുദ്ധരണം നടന്നുവരികയാണ്. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടും ലാറ്റക്‌സ് ലിമിറ്റഡിന്റെ അനാസ്ഥ കാരണം ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാതെയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."