നര്‍ത്തകി സപ്ന ചൗധരിക്കെതിരായ വിവാദ പരാമര്‍ശം; ബി.ജെ.പി നേതാവ് പ്രതിക്കൂട്ടില്‍
ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, നര്‍ത്തകി സപ്ന ചൗധരി എന്നിവരെ ബന്ധപ്പെടുത്തി ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി നേതാക്കള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നടത്തുന്ന പരാമര്‍ശങ്ങള്‍ അതിരുവിടുന്നതാണെന്നു ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയുമാണ് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് യു.പിയിലെ ബി.ജെ.പി നേതാവ് സുരേന്ദ്ര സിങ് വിവാദ പരാമര്‍ശം നടത്തിയത്.
സോണിയ ഗാന്ധി ഇറ്റലിയിലെ നര്ത്തകിയായിരുന്നുവെന്നും അവരെ രാജിവ് ഗാന്ധി വിവാഹം കഴിച്ചതുപോലെ നര്‍ത്തകിയായ സപ്ന ചൗധരിയെ രാഹുല്‍ഗാന്ധി വിവാഹം കഴിക്കുകയാണ് നല്ലതെന്നുമാണ് സുരേന്ദ്ര സിങ് പറഞ്ഞത്. ഹരിയാന സ്വദേശിനിയായ സപ്ന ചൗധരി കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നിതിനു പിന്നാലെയാണ് സുരേന്ദ്ര സിങ് വിവാദ പരാമര്‍ശം നടത്തിയത്.
എന്നാല്‍ സുരേന്ദ്ര സിങിന്റെ പരാമര്‍ശത്തിനെതിരേ സപ്ന ചൗധരിയും രംഗത്തെത്തി. രാഹുല്‍ ഗാന്ധി തനിക്ക് മൂത്ത സഹോദരനെ പോലെയാണെന്നും ഒരു ബി.ജെ.പി നേതാവിന്റെ വിലകുറഞ്ഞ ചിന്തയെക്കുറിച്ചാണ് താനിപ്പോള്‍ ചിന്തിക്കുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം മാനക്കേടുണ്ടാക്കുന്നതാണ്, രാജ്യത്തെ സ്ത്രീകളെ അവഹേളിക്കുന്നതാണോ അദ്ദേഹത്തിന്റെ സംസ്കാരമെന്നും സപ്ന ചൗധരി ട്വീറ്റ് ചെയ്തു.
പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി അവരെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തി.
സപ്നയെ താന്‍ സന്ദര്‍ശിച്ചുവെന്നും അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും അറിയിച്ചുവെന്നും മനോജ് തിവാരി പറഞ്ഞു. ബി.ജെ.പിക്കുവേണ്ടി അവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."