വനപാലകരെ ആക്രമിച്ച കടുവ കൂട്ടിലായി
സുല്‍ത്താന്‍ ബത്തേരി: ചീയമ്പത്ത് വനപാലക സംഘത്തെ ആക്രമിച്ച കടുവ കൂട്ടിലായി. വനംവകുപ്പ് വനത്തിനുള്ളില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് കടുവ കുടുങ്ങിയത്. ചീയമ്പം 73 ആനപന്തി വനമേഖലയില്‍ സ്ഥാപിച്ച കൂട്ടിലകപ്പെട്ട കടുവയെ പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിലേക്ക് മാറ്റി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തി. കടുവക്ക് ഇടതു കണ്ണിന് സമീപത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കൂടാതെ താഴ്നിരയിലെ പല്ലുകള്‍ നഷ്ടപ്പെട്ടതായും ഇടതു കൈക്ക് പരുക്കേറ്റതായും കണ്ടെത്തി. 13 വയസുള്ള ആണ്‍കടുവയാണ് കൂട്ടിലകപ്പെട്ടത്. പ്രായാധിക്യവും പരുക്കും പല്ല് കൊഴിഞ്ഞതും കാട്ടില്‍ കടുവയുടെ നിലനില്പിനെ പ്രതികൂലമായി ബാധിച്ചതിനാലാവാം ഇത് ജനവാസ കേന്ദ്രത്തിലെത്തിയത്. കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസം കാട്ടില്‍ പട്രോളിങ്ങിനിടെയാണ് താല്‍ക്കാലിക വാച്ചര്‍മാരെ കടുവ ആക്രമിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ ചീയമ്പം സ്വദേശി ഷാജന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കടുവയുടെ അടിയേറ്റാണ് ഷാജന്റെ തലയ്ക്ക് പരുക്കേറ്റത്. പരുക്കേറ്റ വാച്ചര്‍ അപകടനില തരണം ചെയ്തു വരുന്നതായി അധികൃതര്‍ അറിയിച്ചു.
പ്രദേശത്ത് കടുവയുടെ ശല്യം തുടങ്ങിയിട്ട് ദിവസങ്ങളായി. വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് കൂട്വച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു പ്രദേശത്താണ് കടുവ വനപാലകരെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളി-സുല്‍ത്താന്‍ ബത്തേരി റോഡ് നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. കണ്ണൂര്‍ സി.സി.എഫ് കാര്‍ത്തിക്, വയനാട് എ.സി.എഫ് പി.കെ ആസിഫ്, രഞ്ജിത്ത് കുമാര്‍, വിനോദ് വൈഷ്ണവ്, വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടര്‍നടപടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."