കൊട്ടിയത്തും കണ്ണനല്ലൂരും കുട്ടിമാഫിയകള്‍; ലഹരി തേടി യുവാക്കള്‍
കൊട്ടിയം: മയക്കുമരുന്ന് സംഘങ്ങള്‍ കൊട്ടിയത്തും കണ്ണനല്ലൂര്‍ ഭാഗങ്ങളിലും വിലസുന്നതായി പൊലിസിന് സംശയം ബലപ്പെട്ടു. കണ്ണനല്ലൂര്‍ പൊലിസും കൊട്ടിയം പൊലിസും സംയുക്തമായി പരിശോധന നടത്തിയാല്‍ മിക്ക സംഘങ്ങളെയും പെട്ടെന്ന് പിടികൂടാനാകും. രണ്ടു പൊലിസ് സ്റ്റേഷന്‍ പരിധിയിലും കഞ്ചാവ് മാഫിയ കൂടിയിട്ടും പൊലിസിനോ എക്‌സൈസിനോ ഒന്നും ചെയ്യാനാകുന്നില്ലെന്ന് പരാതിയുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കൂട്ടികള്‍ ഇവരെ തേടി ഇറങ്ങിയതായി പൊലിസ് പറയുന്നു. കൊട്ടിയം ഉമയനല്ലൂരില്‍ രാത്രി സമയം ഇവരെ കണ്ട നാട്ടുകാര്‍ കുട്ടികളെ ചുറ്റി പറ്റി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പൊലിസ് എത്തി ഇവരെ ചോദ്യം ചെയ്തുവെങ്കിലും മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടികളെ രക്ഷാകര്‍ത്താക്കളോടൊപ്പം വിട്ടയച്ചു. മയക്കുമരുന്നു കച്ചവടക്കാരെ കുറിച്ചുള്ള പല വ്യക്തമായ സൂചനകളും പൊലിസിനു കിട്ടിയതായി പറയപ്പെടുന്നു. സംസ്ഥാനത്തെ കഞ്ചാവ് കടത്തിന് പിന്നാലെയാണ് കൊല്ലം ജില്ലയിലും അതിര്‍ത്തി കടന്നു വരുന്ന കഞ്ചാവ് മാഫിയ പൊലിസിന് തലവേദനയാകുന്നത്. മാഫിയകള്‍ കേരളത്തില്‍ വിപുലമായിട്ടും വകുപ്പ് നിര്‍ജീവമാണ്. എന്നാല്‍, ഇതിനെ തുടര്‍ന്നു നടത്തുന്ന പരിശോധനകള്‍ പ്രഹസനമെന്നാണ് ആരോപണം. സംസ്ഥാന എക്‌സൈസ് വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് കഞ്ചാവ് കടത്തില്‍ കേരളത്തില്‍ വലിയ വര്‍ധന ഉണ്ടായാതായി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ ഭൂരിഭാഗം പേരും ഇന്ന് കൂടുതലും കഞ്ചാവ് കടത്തും ഉപയോഗത്തിലേയ്ക്കും കടന്നിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ പണം സമ്പാദിക്കാന്‍ വേണ്ടിയാണ് പല ചെറുപ്പക്കാരും ഈ ലഹരി കടത്തിലേയ്ക്ക് തിരിഞ്ഞത്. കഞ്ചാവ് അതിര്‍ത്തി കടന്നെത്തുന്നത് പലവിധത്തിലാണ്.
കഞ്ചാവ് കടത്തുന്നതിന് പ്ലസ്ടു സ്‌കൂള്‍ വിദ്യാര്‍ഥികളെ വരെ ഉപയോഗിക്കുന്നു എന്നതാണ് പുതിയ രീതി. പ്ലസ്ടുവിന് പുറമെ, കോളജ്, ഐ.ടി.ഐ-ഐ.ടി.സി വിദ്യാര്‍ഥികളെ ഇതിനായി കഞ്ചാവ് മാഫിയകള്‍ ഉപയോഗപ്പെടുത്തുന്നു.
കുഞ്ഞു പൊതികളിലാക്കി കഞ്ചാവ് എത്തിക്കുകയാണ് പതിവ്. ഒരു കിലോ, ഒന്നര കിലോ വീതം പാക്കറ്റുകളിലാക്കി ബാഗിലെ തുണികള്‍ക്കുള്ളില്‍ തിരുകി കയറ്റി കൊല്ലം വരെ കെ.എസ്.ആര്‍.ടി.സി ബസില്‍കൊണ്ടുവരാന്‍ എളുപ്പ മാര്‍ഗമുണ്ടായിരുന്നു. ബസിനുള്ളില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയതോടെ കഞ്ചാവ് കടത്തുന്നതില്‍ മാഫിയ മറ്റു രീതികള്‍ സ്വീകരിച്ചു തുടങ്ങി.
പൊലിസ് പരിശോധന കര്‍ശനമാക്കിയതോടെ പ്രദേശങ്ങളിലെ ആള്‍ പാര്‍പ്പില്ലാത്ത സ്ഥലങ്ങളാണ് ഇവരുടെ ഒളിത്താവളങ്ങള്‍. ബൈക്കുകളില്‍ പാഞ്ഞെത്തുന്ന സംഘങ്ങള്‍ ഈ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ച് തമ്പടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."