പൊതുശ്മശാനം പ്രവര്‍ത്തന രഹിതം; കളമശ്ശേരി നഗരസഭ സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് നല്‍കി
കാക്കനാട്: നഗരസഭയുടെ അനാസ്ഥമൂലം കളമശ്ശേരിയിലെ പൊതുശ്മശാനം പ്രവര്‍ത്തന രഹിതമായതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഇടപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ട് പോകേണ്ട ഗതികേടിലാണെന്ന് പൊതുപ്രവര്‍ത്തകന്‍ ഷാജി ജോസ് നല്‍കിയ പരാതി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് ഫയലില്‍ സ്വീകരിച്ചു. നഗരസഭ സെക്രട്ടറിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. മെട്രോ റെയില്‍ യാഥാര്‍ഥ്യമാവുന്നതോടെ വ്യത്യസ്ത തസ്തികളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പട്ടിക വി ഭാഗത്തിന് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അംബേദ്കര്‍ സാംസ്‌കാരിക സമിതി സെക്രട്ടറി ടി.എം.തങ്കപ്പന്‍ നല്‍കിയ പരാതിയില്‍ ഇന്നലെ നടന്ന സിറ്റിങില്‍ തെളിവെടുപ്പ് നടത്തി. നിലവിലുള്ള സംവരണ ശതമാനത്തേക്കാള്‍ കൂടുതല്‍ പേര്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടാനി തോമസ് കമ്മീഷന് മുന്നില്‍ രേഖകള്‍ ഹാജരാക്കി.
കോതമംഗലം നങ്ങേലിപ്പടില്‍ സ്ഥിതിചെയ്യുന്ന റാഡോ ടയേഴ്‌സ് കമ്പനിയില്‍ നി്ന്ന് പുറത്തുവിടുന്ന കരിയും പുകയും രാസവ മാലിന്യങ്ങളും ശബ്ദമലിനീകരണവും മൂലം പരിസരവാസികള്‍ക്ക് സ്വസ്തമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ആന്റി പൊലൂഷന്‍ മൂവ്‌മെന്റ് ചെയര്‍മാന്‍ ഇ.എസ്.അബ്ദുല്‍ഖാദര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സെന്റ് ജോസഫ് കോണ്‍വെന്റ്, നേഴ്‌സിങ് കോളജ്, മൂന്ന് സ്വാശ്രയ കോളജുകള്‍, എസ്.സി കോളനികള്‍ ഉള്‍പ്പെടെ ആയിരത്തോളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. കമ്പനിയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് കൂടിയതിനാല്‍ ഹരിത പ്രഭാവം നഷ്ടപ്പെടുകയും അര്‍ബുദരോഗത്തിന് വരെ കാരണമാകുന്നതായി പരാതിയില്‍ ചൂട്ടിക്കാട്ടി. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമ പഞ്ചയത്ത് സെക്രട്ടറി എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കഴിഞ്ഞ എട്ട് വര്‍ഷമായി ഭവന നിര്‍മാണ സഹായത്തിനായി അലയുന്ന 80 വയസുള്ള പട്ടിക ജാതിക്കാരി ചീരമ്മ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഗ്രമസഭയിലും വേങ്ങൂര്‍ പഞ്ചായത്തിലും അപേക്ഷ സമര്‍പ്പിച്ചെങ്കിലും ആറു സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ടായിട്ടും വീടനിന് വേണ്ടിയുള്ള അലച്ചലിന് ജൂണ്‍ മാസത്തിനുള്ളില്‍ പരാതിക്ക് പരിഹാരമുണ്ടാക്കാമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കി. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ വേങ്ങൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."