കോഴിക്കോട് മെഡിക്കല്‍ കോളജിലെ 163 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ തേടിയ യുവതിക്കും ഒപ്പം അഞ്ചു വയസുകാരനും കൊവിഡ്–സ്ഥിരീകരിച്ചതിനാല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 163 ആരോഗ്യപ്രവര്‍ത്തകരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചു.
മെഡിക്കല്‍ കോളജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ആരോഗ്യപ്രവര്‍ത്തകരാണ് സ്വയം നിരീക്ഷണത്തിലുള്ളത്. ഇവര്‍ വീടുകളിലും ക്വാര്‍ട്ടേഴ്സുകളിലും നിരീക്ഷണത്തിലാണ്. 40 ഡോക്ടര്‍മാര്‍, 25 ഹൗസ് സര്ജന്മാര്, 40 നഴ്സുമാര്‍, 40 പാരാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ശുചീകരണ ജീവനക്കാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. പ്രസവത്തെ തുടര്‍ന്നുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചികിത്സ തേടിയ മണിയൂര്സ്വദേശിനിയായ 28കാരിയെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. യുവതിക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ഡി.എം.ഒ വി. ജയശ്രീ അറിയിച്ചു.
വയറുവേദനയ്ക്കാണു മാവൂര്‍ സ്വദേശിയായ അഞ്ചുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്താന്‍ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലേക്ക് മാറ്റി. സര്‍ജറിക്ക് മുന്നോടിയായി മുന്‍കരുതല്‍ എന്ന നിലയില്‍ കുഞ്ഞിനു കൊവിഡ് പരിശോധന കൂടി നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."