നോര്‍ക്ക ഓഫിസുകള്‍ക്ക് മുന്നില്‍ കെ.എം.സി.സി 11ന് സമരം നടത്തും
മലപ്പുറം: കൊവിഡ് ബാധിച്ചു വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബത്തിനും വിദേശത്ത് കഴിയുന്ന മലയാളികള്‍ക്കും ആവശ്യമായ സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി നോര്‍ക്കയുടെ മേഖല ഓഫിസുകള്‍ക്ക് മുന്നില്‍ 11ന് പ്രതിഷേധസമരം നടത്തുമെന്ന് നേതാക്കള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സമരത്തില്‍ കൊവിഡ് ബാധിച്ചു വിദേശത്ത് മരണപ്പെട്ടവരുടെ ആശ്രിതരെകൂടി പങ്കെടുപ്പിക്കും.
വിദേശത്ത് മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമായി 10 ലക്ഷം രൂപ അനുവദിക്കുക, സ്വദേശത്തേക്കു മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും യാത്രാസൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാട്ടിലുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ സമര മുഖത്തിറങ്ങുന്നത്.
സഊദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി, കെ.എം.സി.സി നേതാക്കളായ മൊയ്തീന് കോയ കല്ലമ്പാറ, പി.എം അബ്ദുല്‍ ഹഖ്, സി.കെ. ഷാക്കിര്‍, പി.എം.എ ജലീല്‍, റഫീഖ് പാറക്കല്‍, ഗഫൂര്‍ പട്ടിക്കാട്, മജീദ് അരിമ്പ്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."