കുരങ്ങുപനി; പ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്
മാനന്തവാടി: സംസ്ഥാനത്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ കുരങ്ങുപനി മരണം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഊര്‍ജിത പ്രതിരോധ ബോധവല്‍ക്കരണ പരിപാടികളുമായി ആരോഗ്യ വകുപ്പ് രംഗത്ത്.
സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിതയടക്കുള്ള ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കുരങ്ങുപനി ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. അടുത്തയാഴ്ച്ച കര്‍ണ്ണാടക വനം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനമായി. കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ പ്രത്യേകിച്ച് ബാവലി, ബൈരഗുപ്പ മേഖലകളില്‍ വനവുമായി ഇടപെടുന്നവര്‍ക്ക് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 2013 ലാണ് വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് 2014ലും ഒരാള്‍ക്ക് പനി പിടിപെട്ടു. എന്നാല്‍ 2015ലാണ് കുരങ്ങുപനി ജില്ലയില്‍ പടര്‍ന്നുപിടിച്ചത്. ആ വര്‍ഷം 214 പേര്‍ക്ക് രോഗലക്ഷണങ്ങളോടുള്ള പനി ബാധിക്കുകയും 102 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതില്‍ 11 പേര്‍ മരിച്ചു. തുടര്‍ന്ന് 2016ല്‍ ഒന്‍പത് പേര്‍ക്ക് പനി ബാധിച്ചെങ്കിലും ആരും മരണപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് 2017, 2018 കാലഘട്ടങ്ങളില്‍ കുരുങ്ങുപനിയില്‍ നിന്നും ജില്ല പൂര്‍ണമായി വിട്ടു നിന്നു. ഒടുവില്‍ ഈ വര്‍ഷം ജനുവരിയിലാണ് വീണ്ടും കുരങ്ങുപനി ജില്ലയിലെത്തുന്നത്. ഇതുവരെ 17 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതില്‍ അഞ്ച് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാളാണ് മരണപ്പെട്ടത്. നിലവില്‍ മാനന്തവാടി ജില്ലാശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും രണ്ട് പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് സംസ്ഥാന ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, അഡി. ഡയരക്ടര്‍ ഡോ. ജഗദീശന്‍, ഡി.എം.ഒ ഡോ. ആര്‍. രേണുക, ഡി.വി.എം ഡോ. അഭിലാഷ്, ഡപ്യൂട്ടി ഡി.എം.ഒ നൂന മര്‍ജാന്‍ കുരങ്ങുപനി ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ആരോഗ്യ ബോധവല്‍ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അനാവശ്യ ആശങ്കകള്‍ വേണ്ടെന്നും എന്നാല്‍ വനവുമായി ഇടപഴകുന്നവരും കര്‍ണാടക അതിര്‍ത്തിയില്‍ പോകുന്നവരും ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. അടുത്തയാഴ്ച്ച കര്‍ണാടക വനം ആരോഗ്യ വകുപ്പുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."