ഗുരുവായൂരില്‍ കൊമ്പന്മാര്‍ക്ക് കര്‍ക്കിടക സുഖചികിത്സ തുടങ്ങി
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖ ചികിത്സക്ക് തുടക്കമായി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ആനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ആദ്യ ഔഷധ ഉരുള കൊമ്പന്‍ വിഷ്ണുവിന് നല്‍കി പി.കെ.ബിജു എം.പി സുഖചികിത്സ ഉദ്ഘാടനം ചെയ്തു.
കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ടി.ടി.ശിവദാസന്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സി.സി ശശിധരന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ എം. വിജയന്‍, പി. ഗോപിനാഥന്‍, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ സി. ശങ്കര്‍, മാനേജര്‍ ടി.വി. കൃഷ്ണദാസ്, ആനചികിത്സ വിദഗ്ദന്‍ ആവണപറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, ഡോക്ടര്‍മാരായ കെ. വിവേക്, കെ.കെ മുരളീധരന്‍, ടി.എസ്. രാജീവ് എന്നിവരും നൂറുകണക്കിന് ആനപ്രേമികളും ചടങ്ങില്‍ പങ്കെടുത്തു.
ആനക്കോട്ടയിലെ 49 ആനകളില്‍ മദപ്പാടില്ലാത്ത ആനകള്‍ക്കാണു സുഖചികിത്സ നല്‍കുന്നത്. ഗജരത്‌നം പത്മനാഭന്‍, വലിയകേശവന്‍, നന്ദന്‍, ഇന്ദ്രസെന്‍ ഉള്‍പ്പടെ 21 കൊമ്പന്മാര്‍ ഇപ്പോള്‍ മദപ്പാടിലാണ്. മദപ്പാടിലുള്ള ആനകള്‍ക്ക് മദപ്പാട് കഴിയുന്ന മുറക്ക് സുഖ ചികിത്സ നല്‍കും.
ജൂലൈ 30 വരെയാണ് സുഖ ചികിത്സ. 11ലക്ഷം രൂപയാണ് ചികിത്സക്കായി ദേവസ്വം നീക്കി വച്ചിട്ടുള്ളത്. മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂര്‍ണം, 25 ഗ്രാം മിനറല്‍ മിക്‌സ്ചര്‍, 50 ഗ്രാം മഞ്ഞള്‍പൊടി തുടങ്ങിയവയും വൈറ്റമിന്‍ ടോണിക്കുകളുമാണ് ഓരോ ദിവസവും സുഖചികിത്സാക്കാലത്ത് ആനകളുടെ ദൈനംദിന മെനു.
ഇതിന് പുറമെ പനമ്പട്ടയും പുല്ലുമുണ്ട്.
ആനകളുടെ ശരീര പുഷ്ടിക്കും, ഓജസ്സിനും, അഴകിനും, ആരോഗ്യത്തിനുമായി വിദഗ്ദര്‍ നിശ്ചയിച്ച ഔഷധ കൂട്ടുകളും, ആരോഗ്യ വര്‍ധക വിഭവങ്ങളുമാണ് സുഖ ചികിത്സക്കായി ആനകള്‍ക്ക് കൊടുക്കുന്നത്.
42 കൊമ്പന്മാരും, അഞ്ചുപിടിയാനകളും, രണ്ടുമോഴകളുമുള്‍പ്പടെ 49 ആനകളാണ് ഗുരുവായൂര്‍ ദേവസ്വത്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."