സംസ്ഥാനത്ത് സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനം
തിരുവനന്തപുരം: അപകടത്തില്‍ പെട്ടവര്‍ക്ക് ജീവന്‍രക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനായി സംസ്ഥാനത്ത് സമ്പൂര്‍ണ ട്രോമകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് എയിംസ് നിലവാരത്തിലുള്ള ട്രോമ കെയര്‍ നടപ്പിലാക്കുന്നതിന് എയിംസുമായി ധാരണയിലെത്തി. കഴിഞ്ഞ മാസം 23 ന് ഡല്‍ഹിയില്‍ എയിംസ് സന്ദര്‍ശിച്ച മന്ത്രി ജയപ്രകാശ് നാരായണന്‍ അപ്പെക്‌സ് ട്രോമകെയര്‍ സെന്റര്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തെ ട്രോമകെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാറിന്റെ ആവശ്യപ്രകാരം എയിംസിലെ ട്രോമാകെയര്‍ സെന്റര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സജീവ് ബോയ് , ഡോ.തേജ് പ്രകാശ് എന്നിവര്‍ ഇന്നലെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്ത് എയിംസ് മാതൃകയിലുളള ട്രോമാകെയര്‍ രീതിയും എയിംസ് മോഡല്‍ പ്രോട്ടോക്കോള്‍ രീതിയും അവലംബിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. അത്യാധുനിക നിലവാരത്തില്‍ ഏത് അടിയന്തര സാഹചര്യത്തേയും നേരിടുവാന്‍ തക്കവിധമുള്ള നൂതനസംവിധാനങ്ങള്‍ അടങ്ങിയ ട്രോമാകെയര്‍ സംവിധാനമായിരിക്കും ആശുപത്രികളില്‍ സജ്ജീകരിക്കുക.
പ്രാരംഭ പ്രവര്‍ത്തനം എന്ന നിലയില്‍ സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളജുകളെ നോഡല്‍ സെന്ററുകളായി തിരഞ്ഞെടുത്തിട്ടുണ്ട്. ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി അത്യാധുനിക സംവിധാനത്തിലുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. തുടര്‍ന്ന് ജില്ലാ താലൂക്ക് ആശുപത്രികളിലെ കാഷ്വാലിറ്റികളില്‍ ട്രോമാകെയര്‍ സംവിധാനം വ്യാപിപ്പിക്കുവാനും ചര്‍ച്ചയില്‍ ധാരണയായി.
കോഴിക്കോട് മെഡിക്കല്‍ കോളജിന് എയിംസ് മോഡല്‍ ലെവല്‍ 1 ട്രോമകെയര്‍ സംവിധാനം ആരംഭിക്കുന്നതിന് കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
സെക്രട്ടേറിയറ്റില്‍ മന്ത്രിയുമായുള്ള ചര്‍ച്ചക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച എയിംസ് സംഘം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളില്‍ ട്രോമാകെയര്‍ ആരംഭിക്കുന്നതിന് എയിംസുമായി ധാരണാപത്രം ഒപ്പുവെക്കും.
അടിസ്ഥാന സൗകര്യ വിപുലീകരണത്തോടൊപ്പം ജീവനക്കാരുടെ പ്രവര്‍ത്തന ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് ട്രോമാകെയര്‍ സംവിധാനത്തിലുള്‍പ്പെടുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും എയിംസ് മാതൃക ട്രെയിനിങ് നല്‍കും. ഈ സംവിധാനത്തില്‍ ഏറ്റവും പ്രധാന ഘടകം നഴ്‌സുമാരായതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാരേയും ഡോക്ടര്‍മാരേയും ആദ്യഘട്ടമെന്ന നിലയില്‍ എയിംസില്‍ അയച്ച് ട്രെയിനിംഗ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യവകുപ്പു ഡയറക്ടര്‍ ഡോ.സരിത, ഡി.എം.ഇ ഡോ.റംലാബീവി , തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.തോമസ് മാത്യു, സൂപ്രണ്ട് ഡോ. ഷര്‍മ്മദ്, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."