ഫ്‌ളോയിഡിന് അമേരിക്കയുടെ കണ്ണീര്‍പൂക്കള്‍
വാഷിങ്ടണ്‍: പൊലിസ് ക്രൂരതയില്‍ ശ്വാസം മുട്ടി മരിച്ച ജോര്‍ജ് ഫ്‌ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം. മിനസോട്ടയിലെ പ്രത്യേക കേന്ദ്രത്തില്‍ ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന വ്യാഴാഴ്ചയും വെള്ളിയാഴ്ച്ചയും യു.എസിലെ വിവിധയിടങ്ങളില്‍ ഒത്തുചേര്‍ന്ന ജനങ്ങള്‍ 8 മിനിട്ട് 46 സെക്കന്‍ഡ് സമയം മൗനം ആചരിച്ചാണ് ഫ്‌ളോയിഡിന് വിടയേകിയത്.
വര്‍ണവെറിയനായ പൊലിസുകാരന്റെ കാല്‍മുട്ടിനടിയില്‍ 8 മിനിട്ട് 54 സെക്കന്‍ഡ് സമയം ശ്വാസംകിട്ടാതെ പിടഞ്ഞാണ് കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡ് മരിച്ചത്. ആ സമയത്തിന്റെ ഓര്‍മയിലാണ് രാജ്യം അത്രയും സമയം മൗനമാചരിച്ചത്. അത് വെറുമൊരു ദുഃഖാചരണം മാത്രമായിരുന്നില്ല. വര്‍ണവിവേചനത്തിനെതിരേയുള്ള പോരാട്ടവും പ്രതിഷേധവും കൂടിയായിരുന്നു. ജോര്‍ജിന്റെ മരണത്തിനു പിന്നാലെ അമേരിക്കയില്‍ അലയടിച്ചുയര്‍ന്ന വര്‍ഗവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ തുടര്‍ച്ച.
'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ജോര്‍ജിന്റെ അവസാന വാചകം മുദ്രാവാക്യമാക്കിയാണ് രാജ്യത്ത് അനുശോചന യോഗങ്ങള്‍ നടന്നത്. ക്രൂരമായ ആ കൊലപാതകം നടന്ന മിനിയപൊളിസിലേക്ക് നൂറുകണക്കിനാളുകളാണ് എത്തിയത്. വന്നവര്‍ എട്ടുമിനിട്ട് നേരം ഫ്‌ളോയിഡിന് അന്ത്യോപചാരമര്‍പ്പിച്ച് നിലത്ത് കിടന്നു. ജോര്‍ജ് ഫ്‌ളോയിഡിന് നീതി വേണമെന്നും ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നും ആളുകള്‍ വിളിച്ചുപറഞ്ഞു.
മിനിയപൊളിസിലെ ഡെറിക് ഷോണെന്ന പൊലിസുകാരന്റെ ക്രൂരതയില്‍ പശ്ചാത്തപിച്ച് അമേരിക്കയിലെ പൊലിസുകാരും അനുശോചനയോഗങ്ങളില്‍ പങ്കാളികളായി. വിവിധ ഇടങ്ങളില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഒരു കാലില്‍ മുട്ടുകുത്തി എട്ടുമിനിട്ടോളം ജോര്‍ജിന്റെ ഓര്‍മയില്‍ ശിരസുകുനിച്ചിരുന്നു.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവരും ജോര്‍ജിനു വേണ്ടി ശിരസ് കുനിച്ചു.കറുത്ത വര്‍ഗക്കാര്‍ക്കെതിരേ നടക്കുന്ന വര്‍ണവിവേചനത്തിനെതിരേ സമീപകാലത്ത് കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ പ്രതിഷേധമാണ് അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത്. മേയ് 25ന് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതിനു പിന്നാലെ അമേരിക്കന്‍ ഭരണകൂടത്തിനെതിരേ ഉണ്ടായ പ്രതിഷേധം ലോകം മുഴുവന്‍ അലയടിക്കുകയാണ്. വൈറ്റ് ഹൗസ് ഉള്‍പ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം ജനരോഷം കത്തിയാളി. അടിച്ചമര്‍ത്താന്‍ കഴിയാത്തവിധം ശക്തമാണ് ജനങ്ങളുടെ പ്രതിഷേധം. കുറ്റക്കാരെയെല്ലാം സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും ഗുരുതരമായ കുറ്റങ്ങള്‍ അവര്‍ക്കെല്ലാം എതിരേ ചുമത്തുകയും ചെയതെങ്കിലും ജനം അടങ്ങിയിട്ടില്ല. വര്‍ണവെറി അവസാനിപ്പിക്കണമെന്നാണ് അവര്‍ ഒറ്റസ്വരത്തില്‍ പറയുന്നത്. എന്നാല്‍ ഇതിനിടെയും അമേരിക്കയില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടത് ജനരോഷം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."