വേദന താങ്ങാന്‍ ഇനി റിന്‍ഷാദിനാവില്ല; സുമനസുകളുടെ സഹായം തേടുന്നു
ശ്രീകൃഷ്ണപുരം: വേദനകളുടെ ലോകത്ത് നിസഹായതയോടെ കൈകൂപ്പുകയാണ് റിന്‍ഷാദ്. പത്താം ക്ലാസ് പരീക്ഷയില്‍ അഞ്ച് വിഷയങ്ങള്‍ എഴുതി അടുത്ത പരീക്ഷക്ക് തയ്യാറെടുക്കുമ്പോള്‍ ആണ് ശരീരത്തിന് അസാധാരണമായ ക്ഷീണവും കുഴച്ചിലും അനുഭവപ്പെട്ടത്.
വിശദമായ പരിശോധനയില്‍ ഈ ബാലന്റെ രണ്ടു വൃക്കകളും തകരാറിലാണെന്ന് കണ്ടത്തി. കരിമ്പുഴ കോട്ടപ്പുറം കാവുണ്ട പുത്തന്‍പീടിക ബാപ്പുട്ടി സുലൈഖ ദമ്പതികളുടെ മകന്‍ ആണ് റിന്‍ഷാദ്. തോട്ടര ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു റിന്‍ഷാദ്.
രണ്ടു കിഡ്‌നിയും പ്രവര്‍ത്തന രഹിതമായതോടെ മാതാവ് സുലൈഖ വൃക്ക നല്‍കാന്‍ തയാറായിരിക്കുകയാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ച് വരികയാണ്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് ദിവസവും ഡയാലിസിസ് ചെയ്യുന്നത്. രണ്ടു വൃക്കയും മാറ്റിവെക്കണമെങ്കില്‍ ഏകദേശം ഒന്‍പത് ലക്ഷത്തോളം രൂപ ആവശ്യമായി വരും. പാലക്കാട് നഗരത്തിലെ ഒരു ഹോട്ടലിലെ ജീവനക്കാരന്‍ ആണ് പിതാവ് ബാപ്പുട്ടി.
ദിവസവും ഡയാലിസിസ് ചെയ്യുന്നതിന്റെ വേദന സഹിക്കാനാവാതെ ദുരിതം അനുഭവിക്കുകയാണ് റിന്‍ഷാദ്. കാരുണ്യത്തിന്റെ സഹായ ഹസ്തങ്ങള്‍ തങ്ങളുടെ നേരെ എത്രയും വേഗം വരുമെന്ന പ്രതീക്ഷയില്‍ ആണ് ഈ നിര്‍ധന കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."