വൈശാഖിന്റെ കൊലപാതകം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
എരുമപ്പെട്ടി: എരുമപ്പെട്ടി മണ്ടംപറമ്പ് സ്വദേശി വൈശാഖ് വിജയന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
മണ്ടംപറമ്പ് കോഴിക്കാട്ടില്‍ വിജയന്‍ നായരുടെ മകനും രാജസ്ഥാന്‍ പ്രിസര്‍വ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയിലെ എന്‍ജിനിയറുമായ വൈശാഖിനെ രാജസ്ഥാനിലെ ബര്‍മര്‍ റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആദ്യം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലിസ് കേസെടുത്തിരുന്നത്. എന്നാല്‍ മൃതദേഹത്തിലെ മുറിവുകളും മരണം സംഭവിച്ച സമയവും കണക്കിലെടുത്ത് വൈശാഖിനെ കൊലപ്പെടുത്തി റെയില്‍ പാളത്തില്‍ കൊണ്ട് വന്നിടുകയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് രാജസ്ഥാന്‍ പൊലിസ് കൊലപാതകത്തിന് കേസെടുത്തെങ്കിലും അന്വേഷണം നടത്താന്‍ ഇതുവരേയും തയ്യാറായിട്ടില്ല.വൈശാഖ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വിതരണ സംഘത്തിനെതിരെ പരാതിപ്പെട്ടതാണ് വൈശാഖിനെ കൊലപ്പെടുത്താന്‍ ഇടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. കടങ്ങോട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി ജോസഫ് ചെയര്‍മാനായും എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി വൈസ് ചെയര്‍മാനായും, പി.പി നന്ദകുമാര്‍ കണ്‍വീനറായും 15 അംഗ ആക്ഷന്‍ കൗണ്‍സില്‍ സമിതിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."