ആര്‍.ചന്ദ്രശേഖരന്റെ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുതേടി
കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിനെതിരേ മുന്‍ ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് ബി. കെമാല്‍പാഷയുടേതാണ് ഉത്തരവ്.
തോട്ടണ്ടി ഇടപാടില്‍ അഞ്ചു കോടി രൂപയുടെ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. ചന്ദ്രശേഖരനു പുറമേ മുന്‍ എം.ഡി കെ.എ രതീഷ്, തോട്ടണ്ടി ഇറക്കുമതി ചെയ്ത ജെ.എം.ജെ ട്രഡേഴ്‌സ് ഉടമ ജയ്‌മോന്‍ ജോസഫ്, എസ്. ഭുവനചന്ദ്രന്‍ എന്നിവരെ പ്രതികളാക്കിയായിരുന്നു കേസ്. ഇന്നലെ ഹരജി ആദ്യമായി പരിഗണിനയ്‌ക്കെത്തിയപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനായ എം.കെ ദാമോദരന്‍ ഹാജരായിരുന്നില്ല.
അദ്ദേഹത്തിന്റെ ഓഫിസിലെ അഡ്വ. വിജയമോഹനാണ് കോടതിയില്‍ ഹാജരായത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ അഡ്വ. എം.കെ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായതു വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഹാജരാകാതിരുന്നതെന്നാണ് വിവരം. ഹരജിയുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തോടെ മാത്രമേ പ്രധാനവാദം ആരംഭിക്കൂ. കേസില്‍ വിശദമായ വാദം ആരംഭിക്കുമ്പോള്‍ എം.കെ ദാമോദരന്‍ ഹാജരാകുമെന്നും ഇതില്‍ അപാകതയില്ലെന്നും അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."