പി.എസ്.സി; ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ക്കെതിരേ വീണ്ടും ആക്ഷേപം
കോഴിക്കോട്: കേരളാ പബ്ലിക് സര്‍വിസ് കമ്മിഷന്റെ വെബ്‌സൈറ്റ് മുഖാന്തിരമുള്ള നടപടിക്രമങ്ങള്‍ക്കെതിരേ വീണ്ടും പരാതിയുയരുന്നു. പരിശോധനയ്ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി പി.എസ്.സിക്കയക്കാന്‍ നിര്‍ദേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഇതിനു കഴിയുന്നില്ലെന്നാണ് ആക്ഷേപം.
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പോലുള്ള പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ കാലതാമസം വരുന്നെന്ന ആക്ഷേപത്തിനു പുറമേയാണ് പുതിയ പരാതി. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള വിവിധ തസ്തികകളിലേക്കു പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കാണ് മൊബൈല്‍ ഫോണിലേക്ക് അവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണമെന്ന സന്ദേശം ലഭിച്ചത്. എന്നാല്‍, പി.എസ്.സി സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ഇതിനുള്ള ഓപ്ഷന്‍ കൃത്യമായി കാണിക്കുന്നില്ല. കൂടാതെ അഞ്ചു മിനിറ്റ് സമയംപോലും സൈറ്റ് തുടര്‍ച്ചയായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമേ ജാതി, വരുമാന പരിധി നിര്‍ണയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ജാതി തെളിയിക്കുന്നതിനും മറ്റുമായി പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ വേണമെന്നു നിഷ്‌കര്‍ശിക്കുന്നതിനാല്‍ വില്ലേജ് ഓഫിസിലും അക്ഷയ കേന്ദ്രങ്ങളിലും ഓടിനടന്നു പ്രയാസപ്പെട്ടാണ് സംഘടിപ്പിക്കുന്നത്. ശേഷം പി.എസ്.സിയിലേക്കയക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ പ്രശ്‌നം.
റാങ്ക്‌ലിസ്റ്റ് പുറത്തുവിടുന്നതിനു മുന്‍പു സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അറിയിപ്പു വന്നതും ഉദ്യോഗാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
സംശയനിവാരണത്തിനായി സൈറ്റിലുള്ള ഹെല്‍പ്‌ഡെസ്‌ക് നമ്പറായ 0471-2554000ലേക്കു വിളിച്ചാല്‍ നമ്പര്‍ നിലവിലില്ലെന്ന മറുപടിയാണ് കേള്‍ക്കുന്നത്. മറ്റു നമ്പറുകളായ 2444428, 2444438, 2555538 തുടങ്ങിയവയും ഉപയോഗപ്രദമല്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. സ്വകാര്യ ഇന്റര്‍നെറ്റ് കഫേകള്‍ ഈഅവസരം മുതലെടുത്ത് തോന്നിയപോലെ ചാര്‍ജ് ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."