സ്വകാര്യ ബസ് ലോബിയുടെ ഇടപെടല്‍; പകുതിയിലേറെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ വെട്ടിക്കുറച്ചു
കൊടുങ്ങല്ലൂര്‍: സ്വകാര്യ ബസ് ലോബിയുടെ ഇടപെടല്‍ കാരണം കൊടുങ്ങല്ലൂര്‍-തൃശൂര്‍ റൂട്ടില്‍ വെട്ടിക്കുറച്ചത് പകുതിയിലധികം കെ.എസ്.ആര്‍.ടി.സി ബസുകള്‍. ഇടക്കാലത്ത് ഈ റൂട്ടില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇപ്പോള്‍ പേരിലൊതുങ്ങിയിരിക്കുകയാണ്.
കൊടുങ്ങല്ലൂര്‍ ,ഇരിങ്ങാലക്കുട ,തൃശൂര്‍ ഡിപ്പോകളില്‍ നിന്നായി പന്ത്രണ്ട് ബസുകളാണ് സര്‍വിസ് നടത്തിയിരുന്നത്. എന്നാലിത് ഇപ്പോള്‍ ആറെണ്ണമായി ചുരുങ്ങി. ജീവനക്കാരുടെ കുറവാണ് സര്‍വിസിനെ ബാധിച്ചതെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ അനൗദ്യോഗികമായ വിശദീകരണം.
വണ്ടികളുടെ കുറവും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കളക്ഷന്‍ കുറഞ്ഞതിനാല്‍ സര്‍വിസ് വെട്ടിച്ചുരുക്കി എന്നൊരു വാദവുമുണ്ട്. എന്നാല്‍ കാരണം ഇതൊന്നുമല്ലെന്നാണ് സ്ഥാപനത്തോട് ആത്മാര്‍ത്ഥതയുള്ള ജീവനക്കാരും വാസ്തവമറിയാവുന്ന നാട്ടുകാരും പറയുന്നത്.
സ്വകാര്യ ബസുടമകള്‍ക്ക് വേണ്ടി പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യെ കുരുതി കൊടുക്കുകയാണെന്ന ആരോപണത്തെ നിസ്സാരമായി തള്ളിക്കളയാനാകില്ല. പതിനഞ്ച് മിനുറ്റിന്റെ ഇടവേളയില്‍ നിറയെ യാത്രക്കാരുമായി സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാലും കാണാനാകാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.
കൊടുങ്ങല്ലൂര്‍ നഗരസഭാ ബസ് സ്റ്റാന്റിലും തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റിലും കെ.എസ്.ആര്‍.ടി .സിക്ക് ആദ്യം മുതല്‍ക്കെ അയിത്തമാണ് ,
കൊടുങ്ങല്ലൂരില്‍ പഴയ ലോറി സ്റ്റാന്റിലാണ് സര്‍ക്കാര്‍ ബസിന് സ്ഥാനം. തൃശ്ശൂരിലാകട്ടെ ദൂരെ മൂത്രപ്പുരയ്ക്കരികിലും, എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ തേടിച്ചെല്ലുക പതിവാണ്.
അപ്പോഴാണ് ബസുകളുടെ എണ്ണം കുറച്ചും പുതിയ പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയുമുള്ള നിയന്ത്രണങ്ങള്‍ വന്നത്. തൃശൂര്‍ കെ.എസ്.ആര്‍ .ടി.സി സ്റ്റാന്റില്‍ നിന്നും നേരിട്ട് ശക്തന്‍ സ്റ്റാന്റിലേക്ക് പോയിരുന്ന ബസുകള്‍ സ്വരാജ് റൗണ്ട് ചുറ്റണമെന്ന ഉത്തരവ് വന്നതോടെ സ്വകാര്യ ബസുകളോട് മത്സരിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സമയം കിട്ടാതായി.
സ്വകാര്യ ബസുകളെ പിറകിലാക്കി യാത്രക്കാരെ കയറ്റുന്ന ചില കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മേലാവില്‍ നിന്ന് ശാസന കിട്ടിയ സംഭവമുണ്ടായിട്ടുണ്ട്.
കളക്ഷന്‍ കുറഞ്ഞത് കൊണ്ടാണ് സര്‍വീസുകള്‍ വെട്ടികുറച്ചതെന്ന് പറയുന്നവര്‍ കളക്ഷന്‍ കുറയാന്‍ കാരണമെന്തെന്ന ചോദ്യത്തിന് മറുപടി പറയാതെ ഡബിള്‍ബെല്ലടിച്ച് വണ്ടി വിടുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."