നിര്‍മാണ ചട്ടത്തില്‍ കുടുങ്ങി വില്ലേജ് ഓഫിസ് കെട്ടിടം
വൈപ്പിന്‍: ഏതുനിമിഷവും ഇടിഞ്ഞുവീഴാറായി നില്‍ക്കുന്ന പുതുവൈപ്പ് വില്ലജ് ഓഫിസ് കെട്ടിടം റവന്യൂ വകുപ്പ് പുനര്‍നിര്‍മിക്കാന്‍ തയാറായപ്പോള്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണചട്ടം തടസമായി. കെട്ടിടം നിര്‍മിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ പ്ലാന്‍ സഹിതം പഞ്ചായത്തിനു സമര്‍പ്പിച്ചപ്പോള്‍ ഭാവിയില്‍ റോഡ് വിസ്താരപ്പെടുത്തേണ്ടിവന്നാലുള്ള മുന്‍കരുതല്‍ എന്നോണം വൈപ്പിന്‍ സംസ്ഥാനപാതയില്‍ നിന്നും 16.5 മീറ്റര്‍ നീക്കിയേ പുതിയ കെട്ടിടം നിര്‍മിക്കാവു എന്നാണ് നിര്‍മാണ ചുമതലയുള്ള ജില്ലാനിര്‍മിതി കേന്ദ്രത്തിനു പഞ്ചായത്ത് സെക്രട്ടറി നല്‍കിയ മറുപടിയില്‍ നിര്‍ദേശിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ പ്ലാന്‍ അനുസരിച്ച് നിര്‍മിക്കുമ്പോള്‍ പരമാവധി 10 അടി മാത്രമെ പിന്നോട്ട് നീക്കാന്‍ സ്ഥലമുള്ളുവെന്നാണ് നിര്‍മിതികേന്ദ്രം അധികൃതര്‍ പറയുന്നത്.
പുതുവൈപ്പ് ബസ് സ്റ്റോപ്പിനു വടക്ക് റവന്യൂവകുപ്പ് വക 15 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടം പൊളിച്ച് 1,200 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ പുതിയ കെട്ടിടം നിര്‍മിക്കാനാണ് പദ്ധതി. കെട്ടിടവും ഫര്‍ണീച്ചറും മറ്റു സാമഗ്രികളുമുള്‍പ്പെടെ 39.5 ലക്ഷം രൂപയാണ് റവന്യൂ വകുപ്പ് വകയിരുത്തിയിട്ടുള്ളത്. കോണ്ക്രീറ്റ് കെട്ടിടമാണെങ്കിലും മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്നതിനാല്‍ കുറെനാള്‍ മുന്പ് മുകളില്‍ ട്രസ് വര്‍ക്ക് ചെയ്ത് ചോര്‍ച്ച തടഞ്ഞിരുന്നു. മഴപെയ്താല്‍ വെള്ളം പൊങ്ങി വില്ലേജാഫീസിനകത്തേക്ക് കയറുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചൂര്‍ണിക്കര വില്ലേജോഫീസ് കെട്ടിടത്തിനു അനുവദിച്ച ഫണ്ടാണിത്.
അവിടെ സ്ഥലം അക്വയര്‍ ചെയ്യാന്‍ സമയമെടുക്കുമെന്നതുകൊണ്ടാണ് പുതുവൈപ്പിനിലേക്ക് മാറ്റിയത്. നിലവിലുള്ള കെട്ടിടം സ്ഥിതിചെയ്യുന്നിടത്ത് പുതിയ കെട്ടിടം പണിയാന്‍ പഞ്ചായത്ത് അനുവദിച്ചില്ലെങ്കില്‍ സൗത്ത് പുതുവൈപ്പ് പടിഞ്ഞാറ് എല്‍.എന്‍.ജി പദ്ധതി മേഖലയില്‍ സ്ഥാപിക്കാനാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."