വൃക്കരോഗിയുടെ ചികിത്സയ്ക്കായി ഒരു ദിവസത്തെ വരുമാനം നല്കി ഓട്ടോ ഡ്രൈവര്‍മാര്‍
പൊന്നാനി: നരിപ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നലെ സവാരി നടത്തിയത് കാരുണ്യത്തിന്റെ തണലിലേക്ക്. വൃക്കരോഗിയായ മുസ്തഫ ചെറുപടന്നയിലിന്റെ ചികിത്സാ ധനസഹായ സമാഹരണത്തിനാണ് നരിപ്പറമ്പിലെ ഓട്ടോറിക്ഷകളുടെ ചക്രം ഉരുണ്ടത്. നരിപ്പറമ്പ് സ്വദേശിയും തയ്യല്‍ തൊഴിലാളിയുമായ മുസ്തഫയുടെ ഇരു വൃക്കകളും തകരാറിലാണ്. നിര്‍ധന കുടുംബത്തിന്റെ താങ്ങും തണലുമായ യുവാവിന്റെ തുടര്‍ ചികിത്സ കീറാമുട്ടിയായി നില്‍ക്കുന്നതിനിടെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ സഹായഹസ്തവുമായി രംഗത്തിറങ്ങിയത്.
ഇന്നലെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴ് വരെ യാത്രക്കാരില്‍ നിന്നും കൂലി ഈടാക്കാതെ ഓട്ടോറിക്ഷയില്‍ സ്ഥാപിച്ച സംഭാവന പെട്ടിയിലെ സമ്പാദ്യം മുഴുവന്‍ മുസ്തഫയുടെ തുടര്‍ ചികിത്സയ്ക്കായി നല്കി. ഓട്ടോ ഡ്രൈവര്‍മാരുടെ സദുദ്ദേശ്യത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ യാത്രക്കാരും മറന്നില്ല. ഫെയര്‍ വാടകയേക്കാള്‍ ഉപരി നല്‍കിയാണ് പലരും ഡ്രൈവര്‍മാരുടെ നന്മയ്ക്ക് ഒപ്പം നിന്നത്. നരിപ്പറമ്പ് ഓട്ടോസ്റ്റാന്‍ഡിലെ അമ്പതോളം ഓട്ടോറിക്ഷകളും സേവനത്തില്‍ പങ്കാളികളായി. സര്‍വിസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം കെ.വി.സലീം നിര്‍വഹിച്ചു. എം.വി.പ്രേമ, വി.വി.സുരേഷ് ബാബു, ഷാജി, സക്കീര്‍, ടി.മോഹന്‍ദാസ്, അബ്ദുല്‍ ഖാദര്‍, സുധീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണ സര്‍വിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."