റോഡുകള്‍ ചളിക്കുളമായി; അധികൃതര്‍ക്ക് അനക്കമില്ല
തൊടുപുഴ: ചളിക്കുളമായ നഗരത്തിലെ റോഡുകളിലൂടെ നരക യാത്ര. നിരവധി തവണ ബോധ്യപ്പെടുത്തിയിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കാഞ്ഞിരമറ്റം ബൈപാസ് - കെഎസ്ആര്‍ടിസി ജങ്ഷന്‍, ബൈപാസ് ജങ്ഷനിലെ ട്രാഫിക് റൗണ്ട് എന്നിവിടങ്ങളില്‍ കുഴികള്‍ നിറഞ്ഞു. കാഞ്ഞിരമറ്റം-മൂപ്പില്‍കടവ് റോഡ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലാണ് തകര്‍ന്നത്. കാഞ്ഞിരമറ്റം -മങ്ങാട്ടുകവല ബൈപാസിനു സമീപവും, ന്യൂമാന്‍ കോളജിനു സമീപവുമുള്ള കുഴികള്‍ ഭീഷണിയായി.
മങ്ങാട്ടുകവല - കാരിക്കോട് റോഡില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ വലയുന്നു. മുതലക്കോടം റോഡില്‍ പല ഭാഗത്തും കുഴികള്‍ രൂപപ്പെട്ടത് മഴ ശക്തമായതോടെ വലിയ കിടങ്ങുകളായി. കാഞ്ഞിരമറ്റം കവലയിലെ കുഴികള്‍ മാസങ്ങളായി യാത്രക്കാര്‍ക്കു ഭീഷണിയാണ്. ചാഴികാട്ട് ആശുപത്രി ജങ്ഷനില്‍ അപകടക്കുഴികള്‍ നിറഞ്ഞു. മണക്കാട് ബൈപാസ് ജങ്ഷനില്‍ പുതിയ കലുങ്ക് നിര്‍മിച്ചെങ്കിലും ഇവിടെ വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല.
കുഴിയിലെ ചളിവെള്ളം കാല്‍നടക്കാരുടെയും ഇരുചക്ര വാഹന യാത്രക്കാരുടേയും ശരീരത്തില്‍ തെറിക്കുന്നതും പതിവാണ്. റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."