മധുരം നുണഞ്ഞും സന്തോഷം പങ്കുവച്ചും കുഞ്ഞാലിക്കുട്ടി
മലപ്പുറം: വോട്ടെണ്ണല്‍ ദിവസവും ചിട്ടയില്‍ മാറ്റം വരുത്താതെ പി.കെ കുഞ്ഞാലിക്കുട്ടി. രാവിലെ ഏഴിന് തന്നെ വീട്ടിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മുസ്‌ലിം ലീഗിന്റെ നേതാക്കളടക്കമുള്ളവര്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിക്കാനെത്തി. വരുന്നവരെ ഏവരേയും സ്വീകരിക്കാനും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും പ്രതീക്ഷകളും പങ്കുവയ്ക്കാനും അദ്ദേഹം സമയം കണ്ടെത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ബാവഹാജി, പി.എ ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഓഫിസിലെ ടിവിയില്‍ നിന്നാണ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ അദ്ദേഹം അറിഞ്ഞത്. ലീഡ് അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം തന്നെ കാത്തിരുന്ന അണികളുടെ അടുത്തേക്ക് എത്തി. ഓഫിസിനു പുറത്ത് വരാന്തയിലെ ടിവിയില്‍ നിന്ന് വാര്‍ത്ത അറിയാന്‍ കൂടിയ നൂറുകണക്കിന് പ്രവര്‍ത്തകരുടെ ഇടയിലേക്ക് അദ്ദേഹം ഇറങ്ങി ചെന്നു. ആര്‍പ്പു വിളികളോടെ എതിരേറ്റ അണികളോടൊപ്പം കുറച്ചു നേരം വാര്‍ത്ത ശ്രദ്ധിച്ചു. മുഖത്ത് ആദ്യ ലീഡ് കൂടുന്നതിന്റെ സംതൃപ്തി. രാവിലെ ഒന്‍പതോടെ പി.വി അബ്ദുല്‍ വഹാബ് എം.പിയും, കെ.പി.എ മജീദും അടക്കമുള്ളവര്‍ വീട്ടിലെത്തി. ഈ സമയത്തോടെ വ്യക്തമായ ലീഡ് കൈവരിച്ചതിന്റെ ആശ്വാസം മുഖത്ത് വ്യക്തം.
ഇതിനിടയില്‍ വീട്ടിനകത്തേക്ക്. സഹോദരന്‍മാരും, സഹോദരികളും, അവരുടെ മക്കളും, കൊച്ചുമക്കളുമൊക്കെയായി കുറച്ചു നേരം. വീണ്ടും പുറത്തേക്ക്. കാത്തുനിന്ന് അണികളോടൊപ്പം വീണ്ടും സമയം പങ്കിടുന്നു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി.
രാവിലെ ഒന്‍പതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭവനത്തിലേക്ക്. പാണക്കാട് തങ്ങളോടൊപ്പം കുറച്ചു സമയം ചെലവിട്ട ശേഷം വീണ്ടും വീട്ടിലേക്ക്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ലഡു വിതരണവും, പായസം വിതരണവുമായി അണികള്‍ സജീവം.
മുസ്‌ലിം ലീഗിന്റെ എം.എല്‍.എമാരില്‍ ഭൂരിഭാഗവും ഈ സമയത്തിനിടയില്‍ വീട്ടിലെത്തി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും വീട്ടിലെത്തി. പി.കെ കുഞ്ഞാലിക്കുട്ടി ആശ്ലേഷത്തോടെ ഇ.ടി യെ സ്വീകരിച്ചു. കുറച്ചു നേരം മുസ്‌ലിം ലീഗ് നേതാക്കള്‍ക്കൊപ്പമിരുന്ന് വീണ്ടും ടി.വിയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ശ്രദ്ധിച്ചു. പിന്നെ വീണ്ടും വീട്ടിലേക്ക്. 12ഓടെ ഫല പ്രഖ്യാപനം.
വീടിനുള്ളിലെ ടിവിയില്‍ ബന്ധുക്കള്‍ക്കൊപ്പമിരുന്നാണ് അദ്ദേഹം ഫലമറിഞ്ഞത്. സഹോദരി ബിരിയുമ്മ കുട്ടിയുടെ വക ആദ്യ മധുരം. പിന്നെ വീണ്ടും അണികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഇടയിലേക്ക്. അണികള്‍ക്കൊപ്പം 15 മിനിറ്റോളം ആവേശത്തില്‍ പങ്കുചേര്‍ന്നു.
പിന്നെ വീണ്ടും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭവനത്തിലേക്ക്. പിന്നെ മലപ്പുറം നഗരത്തിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിലേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."