ജൈവകാര്‍ഷികനയം രൂപീകരിക്കും: കൃഷി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ജൈവ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്നു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. ഇതിനായി കാര്‍ഷിക സര്‍വകലാശാല നാലു ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ലബോറട്ടറികള്‍ സ്ഥാപിക്കും. ജൈവകൃഷി ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തുമെന്നും ജൈവ കാര്‍ഷിക നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിരോധിക്കപ്പെട്ട കീടനാശിനികളുടെ വിതരണവും വില്‍പനയും തടയുന്നതിനു ജില്ലാതലത്തില്‍ വിജിലന്‍സ് കമ്മിറ്റികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനു അമൂല്‍ മാതൃകയിലുള്ള നെറ്റ്‌വര്‍ക്കിങ് സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ചും കൃഷിവകുപ്പ് ആലോചിക്കുന്നുണ്ട്.
മൂന്നുലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തുമെന്നും മന്ത്രി പറഞ്ഞു. നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിനും നടപടി സ്വീകരിച്ചുകഴിഞ്ഞു.
കൃഷിക്ക് ആവശ്യമായ ആധുനിക സാങ്കേതികവിദ്യകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രവര്‍ത്തനക്ഷമമല്ലാത്ത പോളിഹൗസുകള്‍ അറ്റകുറ്റപ്പണി നടത്തി ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."