തെക്കുപടിഞ്ഞാറന്‍ സിറിയയില്‍നിന്ന് വന്‍ അഭയാര്‍ഥി പലായനം
ദമസ്‌കസ്: ആഭ്യന്തര യുദ്ധം തകര്‍ത്ത സിറിയയില്‍നിന്ന് അഭയാര്‍ഥി പ്രവാഹം തുടരുന്നു. രണ്ട് ആഴ്ചയ്ക്കിടെ മൂന്നു ലക്ഷത്തോളം പേരാണ് തെക്കുപടിഞ്ഞാറന്‍ സിറിയയില്‍നിന്നു മറ്റു സുരക്ഷിതകേന്ദ്രങ്ങളിലേക്കു പലായനം ചെയ്തത്. ജോര്‍ദാനിലുള്ള യു.എന്‍ അഭയാര്‍ഥി സമിതി വക്താവ് മുഹമ്മദ് ഹവാരിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിമതനിയന്ത്രണത്തിലുള്ള തെക്കുപടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ സൈന്യം ആക്രമണം ആരംഭിച്ചിരുന്നു. ദേര, ഖുനൈതിറ പ്രവിശ്യകളിലാണു സൈനിക നടപടി തുടരുന്നത്. ഇതേതുടര്‍ന്ന് 2,70,000 പേരാണ് മേഖലയില്‍നിന്ന് ജോര്‍ദാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്കും ഇസ്‌റാഈല്‍ അധിനിവിഷ്ട ഗോലാന്‍ കുന്നുകളിലേക്കും പലായനം ആരംഭിച്ചത്.
ശക്തമായ ബോംബാക്രമണത്തെ തുടര്‍ന്ന് 1,60,000 പേരാണു കഴിഞ്ഞയാഴ്ച മാത്രം സിറിയ വിട്ടത്. ഇവിടെ വന്‍ മാനുഷിക ദുരന്തമാണു വരാനിരിക്കുന്നതെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അഭയാര്‍ഥി പ്രവാഹം അനുവദിക്കില്ലെന്ന് ജോര്‍ദാനും ഇസ്‌റാഈലും അറിയിച്ചിട്ടുണ്ട്. അതേസമയം, ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായവുമായി കപ്പല്‍ പുറപ്പെട്ടിട്ടുണ്ടെന്നും സിറിയന്‍ വൃത്തങ്ങളുടെ അനുമതിക്കു കാത്തിരിക്കുകയാണെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി യു.എന്‍ വൃത്തത്തെ അറിയിച്ചു.
റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം തെക്കുപടിഞ്ഞാറന്‍ സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ചത്. മേഖലയിലെ പ്രധാന നഗരമായ ബുസ്‌റ അശ്ശാമില്‍ വിമതര്‍ ആയുധംവച്ചു കീഴടങ്ങിയതായി കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. ബശ്ശാറുല്‍ അസദിന്റെ ഭരണം അംഗീകരിക്കാമെന്ന് ഇവര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കിടെ 130 നാട്ടുകാരാണ് ഇവിടെ കൊല്ലപ്പെട്ടത്.
യു.എസ്, ജോര്‍ദാന്‍ മധ്യസ്ഥതയില്‍ നടന്ന അക്രമം അവസാനിപ്പിക്കല്‍ കരാറിനെ തുടര്‍ന്ന് ഏറെ നാളായി സംഘര്‍ഷരഹിത മേഖലയായിരുന്നു ദേരയും ഖുനൈത്തിറയും. എന്നാല്‍, കിഴക്കന്‍ ഗൂഥയില്‍ വിമതര്‍ക്കെതിരേ നേടിയ വിജയത്തെ തുടര്‍ന്നു മറ്റു പ്രവിശ്യകളുടെയും അധികാരം വീണ്ടെടുക്കാനുള്ള ബശ്ശാറുല്‍ അസദിന്റെ നീക്കത്തിന്റെ ഭാഗമായാണു തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ സൈനിക നടപടി പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."