ചെമ്പ്ര തൊഴിലാളികളുടെ വില്ലേജ് ഓഫിസ് ഉപരോധം ആരംഭിച്ചു
മേപ്പാടി: ചെമ്പ്ര എസ്‌റ്റേറ്റ് തൊഴിലാളികളുടെ കോട്ടപ്പടി വില്ലേജ് ഓഫിസ് ഉപരോധം ആരംഭിച്ചു. ലോക്കൗട്ട് ചെയ്ത ചെമ്പ്ര എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ മൂന്ന് ദിവസം കോട്ടപ്പടി വില്ലേജ് ഉപരോധിക്കുന്നത്. ഇന്നലെ രാവിലെ ഒന്‍പതോടെ പ്രകടനമായി എത്തിയാണ് സമരം തുടങ്ങിയത്.
സമരം കാരണം വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ തോട്ട ഭൂമി കയ്യേറിയിരുന്നു. എസ്‌റ്റേറ്റ് അളന്ന്തിരിച്ച് ഏറ്റെടുക്കല്‍ പ്രവൃത്തികളും ആരംഭിച്ചിരുന്നു.
തൊഴിലാളികള്‍ പ്ലോട്ടുകള്‍ അളന്ന്തിരിച്ചതിന് ശേഷം ഇവ തൊഴിലാളികള്‍ക്ക് കൈമാറാനായിരുന്നു സമരസമിതിയുടെയും സമരസഹായസമിതിയുടെയും തീരുമാനം. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും സര്‍ക്കാര്‍ തുറക്കാന്‍ നിര്‍ദേശിച്ചിട്ടും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു നിലനില്‍പ്പിനായി എസ്‌റ്റേറ്റ് തൊഴിലാളികള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചത്. 20സെന്റ് വീതമുള്ള 312 പ്ലോട്ടുകള്‍ അളന്ന്തിരിക്കാനായിരുന്നു തീരുമാനം. 2016 ഒക്‌ടോബര്‍ 27ന് ഏകപക്ഷീയമായി ലോക്കൗട്ട് ചെയ്ത തോട്ടം തുറക്കാന്‍ മാനേജ്‌മെന്റ് തയാറാകാത്ത സാഹചര്യത്തില്‍ ശക്തമായ സമരമുറ എന്ന നിലയിലാണ് എസ്റ്റേറ്റ് പ്ലോട്ടുകളായി അളന്നുതിരിച്ച് തൊഴിലാളികള്‍ക്ക് നല്‍കാനായിരുന്നു സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളുടെ തീരുമാനം.
അഞ്ച് ഏക്കറോളം തൊഴിലാളികള്‍ അളന്നുതിരിച്ചു. എന്നാല്‍ അതിനിടയില്‍ മാനേജ്‌മെന്റിന്റെ പരാതിയെ തുടര്‍ന്ന് നേതാക്കളടക്കം 10 പേര്‍ക്കെതിരേ മേപ്പാടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എങ്കിലും തങ്ങള്‍ അളവ് തുടരുന്നുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
തൊഴിലാളി സമ്മര്‍ദ്ദത്തിന് ഒരുവിലയും കല്‍പ്പിക്കാന്‍ കമ്പനി മാനേജ്‌മെന്റ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫിസ് ഉപരോധമെന്ന സമരത്തിലേക്ക് തൊഴിലാളികള്‍ നീങ്ങിയത്. 320 തൊഴിലാളികളാണ് ഫാത്തിമ ഫാംസിലുളളത്. സമരം ഒത്തുതീര്‍ക്കുന്നതിനും തോട്ടം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും ട്രേഡ് യൂണിയന്‍ നേതൃത്വവും തൊഴില്‍ വകുപ്പും മാനേജ്‌മെന്റുമായി ഇതിനകം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചില്ല.
തോട്ടം കനത്ത നഷ്ടത്തിലായതിനാല്‍ തൊഴിലാളികളില്‍ കുറെ പേരെ ഒഴിവാക്കണമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയാകട്ടെ ഒരു തൊഴിലാളിയെ പോലും പിരിച്ചയക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലുമാണ്.
മൂന്ന് ദിവസത്തെ വില്ലേജ് ഓഫിസ് ഉപരോധത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറ്റാനുള്ള തീരുമാനത്തിലാണ് തൊഴിലാളികളും നേതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."