നീറ്റ് പരീക്ഷ അടുത്ത മാസം ഏഴിനു തന്നെ; അഡ്മിഷന്‍ കാര്‍ഡ് 22 മുതല്‍ വെബ്‌സൈറ്റിലൂടെ നല്‍കിത്തുടങ്ങും
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളിയതോടെ വിദ്യാര്‍ഥികളുടെ ആശങ്കയകന്നു. പരീക്ഷ അടുത്ത മാസം ഏഴിനു തന്നെ നടത്തും.
തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുസംബന്ധമായി കേസ് കോടതി കയറിയതോടെയാണ് വിദ്യാര്‍ഥികള്‍ ആശങ്കയിലായത്.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ തയാറെടുപ്പിന് മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സങ്കല്‍പ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. സി.ബി.എസ്.ഇയുടെയും മിക്ക സംസ്ഥാനങ്ങളിലെ പ്ലസ്ടു ബോര്‍ഡ് പരീക്ഷകളും വൈകിയതിനാല്‍ നീറ്റ് പരീക്ഷക്ക് തയാറെടുക്കാന്‍ കുട്ടികള്‍ക്ക് മൂന്നാഴ്ച മാത്രമാണ് ലഭിച്ചതെന്നായിരുന്നു പ്രധാന പരാതി.
മുന്‍ വര്‍ഷങ്ങളില്‍ രണ്ടുമാസം വരെ തയാറെടുപ്പിന് സമയം കിട്ടിയിരുന്നുവെന്നും ആയുര്‍വേദം, വെറ്ററിനറി കോഴ്‌സുകള്‍ നീറ്റില്‍ ഉള്‍പ്പെടുത്തി സി.ബി.എസ്.ഇ വിജ്ഞാപനമിറക്കിയത് അപേക്ഷിക്കാനുള്ള സമയം തീരുന്നതിന് നാലു ദിവസം മുന്‍പാണെന്നും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ കോടതി ഹരജി തള്ളുകയായിരുന്നു. 11,35,104 വിദ്യാര്‍ഥികളാണ് 104 നഗരങ്ങളില്‍ നീറ്റ് പരീക്ഷ എഴുതുന്നത്.
കേരളത്തില്‍ അഞ്ചു കേന്ദ്രങ്ങളിലായി 80,000പേര്‍ പരീക്ഷയെഴുതുന്നുണ്ട്. എറണാകുളം,കോഴിക്കോട്, തിരുവനന്തപുരം കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം അധികം വിദ്യാര്‍ഥികളാണ് ഇക്കൊല്ലം അപേക്ഷിച്ചത്. നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 വയസായി നിജപ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് നേരത്തെ സുപ്രിം കോടതി റദ്ദാക്കിയിരുന്നു.
നീറ്റ് പരീക്ഷക്ക് പ്രായപരിധി ബാധകമല്ലെന്ന ഉത്തരവ് ഈ മാസം ആദ്യമാണ് പ്രാബല്യത്തില്‍ വന്നത്. ജൂണില്‍ പ്രവേശനം ആരംഭിക്കത്തക്ക വിധത്തിലാണ് നീറ്റ് നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 31ന് മുന്‍പ് പ്രവേശനം പൂര്‍ത്തിയാക്കും.
നീറ്റ് പരീക്ഷയുടെ അഡ്മിഷന്‍കാര്‍ഡ് ഈ മാസം 22 മുതല്‍ വെബ്‌സൈറ്റിലൂടെ നല്‍കിത്തുടങ്ങുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
15 മുതല്‍ അഡ്മിഷന്‍കാര്‍ഡ് നല്‍കാനായിരുന്നു നേരത്തെ ആലോചന.
സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ഹരജിയില്‍ നീറ്റ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഉറുദുവിലും എഴുതാമെന്ന് കഴിഞ്ഞയാഴ്ച സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."