കുടുംബശ്രീ സി.പി.എമ്മിന്റെ കുടുംബസ്വത്തല്ല: യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: ജില്ലയിലെ കുടുംബശ്രീ സി.പി.എമ്മിന്റെ കുടുംബസ്വത്തല്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. കുടുംബശ്രീയെ സി.പി.എം രാഷ്ട്രീയവല്‍ക്കരിക്കുന്നത് സാമ്പതിക തട്ടിപ്പുകള്‍ക്ക് മറയാക്കാനാണെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ആര്‍.എസ് അബിന്‍, കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലത്ത് വിധവയായ സ്ത്രീയുടെ പേരില്‍ 10 ലക്ഷത്തോളം രൂപ വായ്പയെടുത്തു തട്ടിപ്പിനിരയാക്കിയത് ഒറ്റപ്പെട്ട സംഭവമല്ല. ഉന്നത സി.പി.എം നേതാക്കളാണ് ഇതിനു പിന്നില്‍. സംഭവം ഒത്തു തീര്‍പ്പാക്കാന്‍ കൂട്ടാക്കാത്ത യുവതിക്കും കുടുംബത്തിനും ഭീഷണി നേരിടുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വായ്പാത്തട്ടിപ്പുകള്‍ നടക്കുന്നു. ഇത് കുടുംബശ്രീ പ്രസ്ഥാനത്തെ കളങ്കപ്പെടുത്തും. തട്ടിപ്പ് നടത്തിയ കുടുംബശ്രീക്കും, സി.ഡി.എസിനുമെതിരേ നടപടി സ്വീകരിക്കാന്‍ ജില്ലാമിഷന്‍ തയ്യാറായിട്ടില്ല. ഭരണസ്വാധീനത്തിന് വഴങ്ങിയാണ് ഇതിന് തയ്യാറാകാത്തത്. വധഭീഷണി നേരിട്ട കുടുംബത്തിന് സംരക്ഷണം നല്‍കാത്ത പൊലിസ് അഴിമതിക്കാര്‍ക്ക് കുടപിടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."