സോജാ രാജകുമാരീ.... ബഷീറിന്റെ നായികമാര്‍ നാളെ അരങ്ങിലെത്തും
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ വിവിധ കൃതികളിലെ പത്ത് സ്ത്രീകഥാപാത്രങ്ങള്‍ അരങ്ങിലെത്തുന്നു.
കുസൃതികളും പൊട്ടിച്ചിരികളും കൊച്ചുകൊച്ചു വര്‍ത്തമാനങ്ങളും സങ്കടക്കെട്ടുക്കളും പിന്നെ പ്രണയത്തിന്റെ ഒരായിരം വസന്തങ്ങളുമായി അവര്‍ പുതിയകാലത്തോട് സംവദിക്കും. നാളെ രാവിലെ 10ന് കോഴിക്കോട് ചാലപ്പുറം ഗണപത് ഗേള്‍സ് സ്‌കൂളിലെ ഓഡിയോ വിഷ്വല്‍ ഓഡിറ്റോറിയത്തിലാണ് 'സോജാ രാജകുമാരീ' എന്ന സോളോ ഡോക്യുഡ്രാമ അരങ്ങേറുന്നത്.
ബഷീറിന്റെ പത്ത് നായികമാര്‍ക്ക് രൂപഭാവങ്ങള്‍ നല്‍കുന്നത് സ്‌കൂളിലെ വിദ്യാര്‍ഥികളായ കെ. സഫ, ടി. ഫാത്തിമ ഹന്ന, വി.കെ ആയിഷ റിഫ, വി. അമേയ, നഹല റഷീദ്, ടി.വി അനാമിക, വി. നയനേന്ദു, ജന അലൈസ്, ആര്‍.കെ ശീതള്‍, ആയിഷ ലിദ എന്നിവരാണ്. പ്രേമലേഖനത്തിലെ സാറാമ്മ, മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബ, ഭാര്‍ഗവീനിലയത്തിലെ ഭാര്‍ഗവിക്കുട്ടി, ബാല്യകാലസഖിയിലെ സുഹ്‌റ, ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നുവിലെ കുഞ്ഞിത്താച്ചുമ്മ, കുഞ്ഞിപ്പാത്തുമ്മ, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, പൂവന്‍പഴത്തിലെ ജമീലാബീബി, കാമുകന്റെ ഡയറിയിലെ ദേവി, മതിലുകളിലെ നാരായണി എന്നിവരാണ് നാളെ പുതിയകാലത്തോട് സംവദിക്കുക. മാധ്യമപ്രവര്‍ത്തകനായ പി.സി ഹരീഷാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."