ഈരാറ്റുപേട്ട നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുട ചൂടി പ്രതിഷേധിച്ചു
ഈരാറ്റുപേട്ട:നഗരസഭയുടെ കൗണ്‍സില്‍ ഹാളില്‍ ഫാനും ലൈറ്റും പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധവുമായി കൗണ്‍സില്‍ അംഗങ്ങള്‍. കത്തുന്ന ചൂടില്‍ നട്ടുച്ചയ്ക്ക് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ വിയര്‍ത്തുകുളിച്ചതോടെയാണ് പ്രതിപക്ഷാംഗങ്ങള്‍ കുടചൂടി പ്രതിഷേധിച്ചത്.
നഗരസഭാ ഓഫിസിനു മുകളിലാണ് നഗരസഭയുടെ പുതിയ കൗണ്‍സില്‍ ഹാള്‍. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ഹാള്‍ പൂര്‍ത്തിയായെങ്കിലും വയറിംഗ് പ്ലമ്പിംഗ് ജോലികള്‍ നടത്തിയിട്ടില്ല. രണ്ടാം നിലയിലായതിനാല്‍ ഹാളിനുള്ളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ബജറ്റ് അവതരണത്തിനൊപ്പം കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സമ്മാനിച്ച കുട നിവര്‍ത്തിയായിരുന്നു പ്രതിഷേധം.നഗരസഭാ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാണ് വയറിംഗ് ജോലികള്‍ വൈകുന്നതിന് കാരണമെന്ന് മുന്‍ചെയര്‍മാന്‍ ടി.എം റഷീദ് ആരോപിച്ചു. പ്രതിപക്ഷാംഗങ്ങള്‍ കുടനിവര്‍ത്തിയെങ്കിലും യോഗം തുടര്‍ന്നു.
നഗരസഭയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം ആരംഭിച്ചതോടെ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ടിഎം റഷീദ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പിഎംഎവൈ പദ്ധതിയില്‍ അപേക്ഷിച്ചിട്ടുള്ള 465 അപേക്ഷകരെ ഫണ്ടില്ലെന്ന കാരണത്താല്‍ ഒഴിവാക്കിയ നടപടിയ്‌ക്കെതിരെ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും ടിഎംആര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."