ആതിരയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു: സന്തോഷിക്കാന്‍ നിതിനില്ല
സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രിയപ്പെട്ടവന്റെ വിയോഗം അറിയാതെ ആതിര ഇന്നലെ അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രവാസികളെ കേരളത്തില്‍ തിരിച്ചെത്തിക്കാന്‍ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി ആതിരയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം ഇവരുടെ ഭര്‍ത്താവ് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി കുനിയില്‍ വീട്ടില്‍ നിതിന്‍ ചന്ദ്രന്‍( 29) ദുബൈയിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിതിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിതിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആദ്യകുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന സ്വപ്നത്തിലായിരുന്നു നിതിന്‍. ഏഴു മാസം ഗര്‍ഭിണിയായിരിക്കേയാണ് ആതിര നാട്ടിലെത്തിയത്.
ലോക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രിം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു.
ആദ്യവിമാനത്തില്‍ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്‌ക്കൊപ്പം വരാമായിരുന്നുവെങ്കിലും അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിന്‍ വന്നില്ല. ഇന്‍കാസിന്റെ സജീവ പ്രവര്‍ത്തകനായി നിതിന്‍ അവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ നിതിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കള്‍ ആതിര വിവരം പെട്ടന്ന് അറിയാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രസവത്തിനു മുന്‍പുള്ള കൊവിഡ് പരിശോധനയ്‌ക്കെന്ന പേരില്‍ ആതിരയെ ആശുപത്രിയിലാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."