യു.ഡി.എഫിനു വേണ്ട; പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്കെന്നു സൂചന
തിരുവനന്തപുരം: യു.ഡി.എഫ് പ്രവേശനം ആഗ്രഹിച്ച് കോണ്‍ഗ്രസിനു കത്തു നല്‍കിയിട്ടും പരിഗണിക്കാത്ത സാഹചര്യത്തില്‍ പി.സി ജോര്‍ജ് എന്‍.ഡി.എയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. എന്‍.ഡി.എ പ്രവേശനത്തിന്റെ ഭാഗമായി ബി.ജെ.പി കേന്ദ്ര നേതാക്കളുമായി ജോര്‍ജ് കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്ക് വ്യക്തമായ വിവരങ്ങളില്ല.
ജോര്‍ജിന്റെ മുന്നണി പ്രവേശനകാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയും ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസും പ്രതികരിച്ചത്. എന്നാല്‍ എന്‍.ഡി.എയുമായി സഹകരിക്കാന്‍ തയ്യാറുള്ള ആരുമായും കൂട്ടുകെട്ടിനു തയ്യാറാണെന്നും കൃഷ്ണദാസ് തിരുവനന്തപുരത്ത് പറഞ്ഞു.
പത്തനംതിട്ടയിലെ വിജയത്തിന് ജോര്‍ജിന്റെ സഹകരണം അനിവാര്യമാണെന്നാണ് ബി.ജെ.പി കരുതുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ജ് തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നതാണ്. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍നിന്ന് ശ്രീധരന്‍പിള്ളയ്‌ക്കൊപ്പമാണ് ജോര്‍ജ് പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നത്.
ഇതിനിടയിലാണ് യു.ഡി.എഫിലേക്ക് ചേക്കേറാന്‍ ജോര്‍ജ് ശ്രമം നടത്തിയത്. മുന്നണിയില്‍ ചേര്‍ക്കണമെന്നഭ്യര്‍ഥിച്ച് ജോര്‍ജ് നല്‍കിയ കത്തിനെക്കുറിച്ച് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജിനെ മുന്നണിയില്‍ കൊണ്ടുവരുന്നതില്‍ ശക്തമായ എതിര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. മാത്രമല്ല യു.ഡി.എഫില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) ശക്തമായി എതിര്‍ക്കുകയും ചെയ്തു. മറ്റു ഘടകകക്ഷികളും ജോര്‍ജിനെ യു.ഡി.എഫിലെടുക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ ജോര്‍ജുമായി ചര്‍ച്ച നടത്തുന്നതിലേക്കു പോലും കോണ്‍ഗ്രസ് പോയില്ല. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തിനു തന്റെ സ്ഥാനാര്‍ഥിത്വം കാരണമാകുമെന്നുകണ്ട് മുന്നണി പ്രവേശനത്തിന് വഴിയൊരുങ്ങുമെന്നാണ് ജോര്‍ജ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഇതിനിടയിലാണ് ജോര്‍ജിനെ എന്‍.ഡി.എയിലെത്തിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം ശ്രമിക്കുന്നത്. ശബരിമല വിഷയം ശക്തമായി ഉന്നയിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ മണ്ഡലത്തിലെ ഹിന്ദു വോട്ടുകള്‍, പ്രത്യേകിച്ച് എന്‍.എസ്.എസിന്റെ വോട്ടുകള്‍ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. ജോര്‍ജിനെ ഒപ്പം കൂട്ടുന്നതിലൂടെ പത്തനംതിട്ടയില്‍ പ്രബല വിഭാഗമായ ക്രിസ്ത്യന്‍ സമുദായത്തില്‍ ഒരു വിഭാഗത്തിന്റെ വോട്ടു കൂടി ഉറപ്പിക്കാനാവുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല ഒരു മുന്നണിയിലും ഇല്ലാതെ ജോര്‍ജ് വിജയിച്ചു കയറിയ പൂഞ്ഞാര്‍ മണ്ഡലം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലാണ്. ഇതും തങ്ങളുടെ സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്റെ വിജയത്തിനുള്ള വഴിയാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഈ സാഹചര്യത്തിലാണ് ജോര്‍ജിനെ എന്‍.ഡി.എയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിയില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."