ബ്രിട്ടനില്‍ ജൂണ്‍ 8ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരേസാ മേ
ലണ്ടന്‍: ബ്രിട്ടനില്‍ കാലാവധി തീരാന്‍ മൂന്നുവര്‍ഷം ശേഷിക്കേ നാടകീയ നീക്കത്തിലൂടെ പ്രധാനമന്ത്രി തെരേസാ മേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ശക്തമായ ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കും. ജൂണ്‍ എട്ടിനാണ് തെരഞ്ഞെടുപ്പിന് അവര്‍ ആഹ്വാനം ചെയ്തത്.
യൂറോപ്യന്‍ യൂനിയനുമായി വേര്‍പിരിയാനുള്ള ചര്‍ച്ചകള്‍ക്കായി സ്വയം ശക്തിപ്പെടേണ്ടതുണ്ടെന്നും അതിന് തെരഞ്ഞെടുപ്പ് ആവശ്യമാണെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി തേടും.
ഇന്ന് പാര്‍ലമെന്റില്‍ അവര്‍ ഈ വിഷയം ഉന്നയിച്ചേക്കും. ബ്രെക്‌സിറ്റ് നടപടികളെ പ്രതിപക്ഷം തടസപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഇതിനെ എതിര്‍ക്കാന്‍ തെരഞ്ഞെടുപ്പ് ആവശ്യമാണ്. രാജ്യത്ത് സ്ഥിരതയുള്ളതും സുനിശ്ചിതവുമായ സര്‍ക്കാര്‍ ആവശ്യമാണ്. ഇപ്പോഴത്തെ ഭരണത്തില്‍ സംതൃപ്തിയുണ്ടെങ്കിലും എതിര്‍പ്പുകളെ ഇല്ലാതാക്കാന്‍ തെരഞ്ഞെടുപ്പ് ഫലം അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമപ്രകാരം 2020 ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവില്‍ 650 അംഗ സഭയില്‍ 330 അംഗങ്ങളാണ് മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മികച്ച ജയം നേടി ഭൂരിപക്ഷം വര്‍ധിപ്പിക്കാനായാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കാനാകുമെന്ന പ്രതീക്ഷയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുണ്ട്.
മേയുടെ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. ഭൂരിപക്ഷമുള്ള കരുത്തുറ്റ സര്‍ക്കാരിനായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തതിലൂടെ തെരേസ മേയുടെ ജനപിന്തുണയില്‍ വര്‍ധനയുണ്ടായതായി ഓണ്‍ലൈന്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നു. മേയുടെ തീരുമാനത്തെ 44 ശതമാനം പേര്‍ പിന്തുണയ്ക്കുന്നതായി വെസ്റ്റ്മിന്‍സ്റ്റര്‍ വോട്ടിങ് ഇന്‍ഡന്‍ഷന്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് നടന്നാല്‍ ഏറ്റവുമധികം പേര്‍ വോട്ട് ചെയ്യാനിഷ്ടപ്പെടുന്ന പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണെന്നും സര്‍വേയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."