വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കെതിരേ വിജിലന്‍സ് കുറ്റപത്രം
തിരുവനന്തപുരം: 21.32 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്കെതിരേ വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി ഡി. അജിത് കുമാര്‍ ഉത്തരവിട്ടു.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 226 പ്രകാരം വിചാരണക്ക് മുന്നോടിയായി പ്രതിക്കെതിരെയുള്ള കുറ്റകൃത്യം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖാമൂലമുള്ള തെളിവുകളും വായ്‌മൊഴി തെളിവുകളും വച്ചു കൊണ്ട് അടുത്തമാസം 25ന് വാദം ബോധിപ്പിക്കാന്‍ വിജിലന്‍സ് ലീഗല്‍ അഡ്വൈസറോടാണ് കോടതി ഉത്തരവിട്ടത്.
തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ്‌സ് ആന്റ് ലോക്കല്‍ വര്‍ക്‌സ് ( ഇലക്ട്രിക്കല്‍ വിഭാഗം ) സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ സി കെ കരുണാകരനാണ് കേസിലെ പ്രതി. 2003 മെയ് ഒന്ന് മുതല്‍ 2007 ഫെബ്രുവരി 21 വരെയുള്ള കാലയളവിലാണ് വിജിലന്‍സ് കേസിനാസ്പദമായ അനധികൃത സ്വത്ത് സമ്പാദനം നടന്നത്.
സൂപ്രണ്ടിംഗ് എഞ്ചിനീയറായ പ്രതി ഉറവിടം വ്യക്തമാക്കാനാവാത്ത 21, 32 , 212. 53 രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ തന്റെ ഓദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സമ്പാദിച്ചുവെന്നാണ് കേസ്. 2003 മെയ് ഒന്നിന് എഞ്ചിനീയര്‍ക്ക് 50, 136 രൂപയുടെ സ്വത്ത് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും വിജിലന്‍സ് കുറ്റപത്രത്തില്‍ പറയുന്നു.1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 131 ( 2 ) , 13 (1) ( ഇ ) (അനധികൃത സ്വത്ത് സമ്പാദനം ) പ്രകാരമുള്ള കുറ്റം ചുമത്തിയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ത്വരിതാന്വേഷണം നടത്തിയ വിജിലന്‍സ് രേഖകള്‍ ശേഖരിച്ച് 2007 മാര്‍ച്ച് 21നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2017 ജൂലൈ 31നാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം സ്‌പെഷ്യല്‍ സെല്ലാണ് കേസന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."