നാട്ടുകാര്‍ ചോദിക്കുന്നു എന്‍മകജെയോട് എന്തിന് അവഗണന..?
ബദിയഡുക്ക: സംസ്ഥാനത്തിന്റെ വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന എന്‍മകജെ പഞ്ചായത്തുകാര്‍ക്കു പറയാനുള്ളത് അവഗണനയുടെ കഥ മാത്രം. കര്‍ണാടകയോടു ചേര്‍ന്നു കിടക്കുന്ന എന്‍മകജെ പഞ്ചായത്തില്‍ പേരിനു പോലും വികസനം എത്തിയിട്ടില്ല. റോഡ് ഗതാഗതവും കുടിവെള്ള പദ്ധതികളുമുള്‍പ്പെടെ പലതും പാതിവഴിയിലാണ്.
എന്‍മകജെ പഞ്ചായത്തിലെ പെര്‍ള ടൗണിലേക്ക് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും നൂറു കണക്കിനു യാത്രക്കാര്‍ എത്തുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്കു പുറമെ കേരള, കര്‍ണാടക ആര്‍.ടി.സി ബസുകളും കടന്നു വരുന്നുണ്ട്. എന്നാല്‍ പെര്‍ള ടൗണില്‍ യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്‍ക്കാനും വിശ്രമിക്കാനും വേണ്ട സൗകര്യങ്ങളില്ലാതെ വീര്‍പ്പ് മുട്ടുകയാണ്. പെര്‍ള ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും നീണ്ട കാലത്തെ ആവശ്യം അവഗണിക്കപ്പെട്ടു കിടക്കുകയാണ്.
അടുക്കസ്ഥലയിലെ തൂക്ക് പാലം, പെര്‍ളയിലെ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയടക്കം നിരവധി പദ്ധതികളാണ് തുലാസില്‍ തൂങ്ങുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതി നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായി അര്‍ബന്‍ റൂറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ബാങ്കില്‍ നിന്നു ഒരു കോടി രൂപയുടെ ധനസഹായത്തോടെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് പണിയുന്നതിന് സര്‍ക്കാരിന്റെ അംഗീകാരം വാങ്ങി നടപടികള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് 2015 സെപ്റ്റംബര്‍ മാസം അഞ്ചിന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന് ശിലാ സ്ഥാപനം നടത്തി. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തു. എന്നാല്‍ ശിലാസ്ഥാപനം നടന്ന് മാസങ്ങള്‍ക്കകം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുകയും ഭരണം ബി.ജെ.പിയുടെ കൈകളിലെത്തുകയും ചെയ്തു.
ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ ശിലാഫലകം പഞ്ചായത്ത് ഓഫിസിന്റെ ഒന്നാം നിലയിലേക്ക് കയറുന്ന കോണിപടിയുടെ ഒരറ്റത്ത് പൊടി പിടിച്ചു നശിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."