കഞ്ചാവുമായി പട്ടാമ്പി സ്വദേശി അറസ്റ്റില്‍
പട്ടാമ്പി: തമിഴ്നാട്ടില്‍ നിന്നും വള്ളുവനാട് കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി പട്ടാമ്പി സ്വദേശിയെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ടൗണ്‍ സൗത്ത് പൊലീസും ചേര്‍ന്ന് പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും പിടികൂടി.
പട്ടാമ്പി, പെരുമടിയൂര്‍, നരിക്കോട്ടില്‍ ബാവ എന്ന റഷീദി(39) നെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ അര ലക്ഷത്തോളം രൂപ വിലമതിക്കും. ജില്ലാ പൊലിസ് മേധാവി സാബു ഐ.പി.എസ്, നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബാബു കെ.തോമസ്, പാലക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പ്രവര്‍ത്തിച്ചു വരുന്നത്. തമിഴ്നാട്ടിലെ, തിരുപ്പൂരില്‍ നിന്നുമാണ് കഞ്ചാവ് ട്രൈയിന് മാര്‍ഗം കൊണ്ടുവന്നത്. 15000 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് 50000 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. ചെറിയ പാക്കറ്റ് ഒന്നിന് 500 രൂപയാണ് ഈടാക്കുന്നത്. സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, അന്യ സംസ്ഥാനത്തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി വിജയകുമാര്‍ , ടൗണ്‍ സൗത്ത് എസ്.. സതീഷ് കുമാര്‍, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ജെ പ്രസാദ് വര്‍ക്കി, ടി.ആര്.സുനില്‍കുമാര്‍, സി.വി ബിജു, സന്ദീപ്, ആര് വിനീഷ്, ആര് രാജീദ് , സത്താര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."