ശബരിമലയില്‍ തന്ത്രിയും മന്ത്രിയും ഒന്നായപ്പോള്‍ കപ്പ് നഷ്ടപ്പെട്ടു സംഘപരിവാര്‍
കൊച്ചി: ശബരിമലയില്‍ ഉത്സവം നടത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായതോടെ തന്ത്രിക്കും സര്‍ക്കാരിനും വിജയം അവകാശപ്പെടാം. ഉത്സവം നടത്തിയേ കഴിയൂ എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. എന്നാല്‍ തന്ത്രിയാവട്ടെ ദേവസ്വം കമ്മിഷണര്‍ ബി.എസ്. തിരുമേനിക്ക് കത്തു നല്‍കിയത് ഉത്സവം നടത്താന്‍ പാടില്ലെന്നു കാട്ടിയാണ്. കത്തു തനിക്ക് കിട്ടിയില്ലെന്നു പറഞ്ഞ് വാസു നിലപാട് മാറ്റാന്‍ തയാറായതുമില്ല.
വാസു സി.പി.എം പ്രതിനിധിയായതുകൊണ്ടുതന്നെ മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ ഇത്തരമൊരു നിലപാട് കടുപ്പിച്ച് ദേവസ്വം പ്രസിഡന്റ് നില്‍ക്കില്ലെന്നെല്ലാര്‍ക്കും അറിയാവുന്നതുമാണ്. എന്നാല്‍, ഇവിടെയാണ് രാഷ്ട്രിയ നീക്കത്തിന് പ്രാധാന്യമുണ്ടെന്ന് അതറിയാവുന്നവര്‍ക്ക് ബോധ്യമായത്.
തന്ത്രിയുടെ തീരുമാനത്തിന് വിരുദ്ധ നിലപാടെടുത്തത് സ്വന്തം അണികളിലെ ഒരു വിഭാഗത്തെയെങ്കിലും ചൊടിപ്പിച്ചത് ബോധ്യമുള്ള മുഖ്യമന്ത്രിയാവട്ടെ ദേവസ്വം മന്ത്രി കടകംപള്ളിയെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ (അഥവാ നിര്‍ദേശം നല്‍കി) ചുമതലപ്പെടുത്തിയെന്നു വേണം മനസിലാക്കേണ്ടത്. തന്ത്രിയുടെ നിര്‍ദേശത്തിന് വിപരീതമായി മുഖ്യമന്ത്രിയും സി.പി.എമ്മും പ്രവര്‍ത്തിച്ചെന്നു പറഞ്ഞ് തെരുവിലിറങ്ങാന്‍ തയാറെടുക്കുകയായിരുന്നു സംഘപരിവാരം. എന്നാല്‍ മന്ത്രി കടകം പള്ളി തന്ത്രിയേയും പ്രസിഡന്റിനെയും മേശയ്ക്ക് ചുറ്റുമിരുത്തി പത്രസമ്മേളനം നടത്തി ഉത്സവം വേണ്ട എന്ന് പ്രഖ്യാപിച്ചതോടെ സംഘപരിവാരം ഇളിഭ്യരായി.
വാസുവിന് നീരസമുണ്ടാവാം. താന്‍ പിടിക്കുന്നതൊന്നും ജയിക്കുന്നില്ലല്ലോ എന്ന പ്രയാസവുമുണ്ടാവാം. എന്നാല്‍ മന്ത്രി (മുഖമന്ത്രി) ഇക്കാര്യത്തില്‍ എടുത്ത തീരുമാനം കിറുകൃത്യം. തന്ത്രിയുടെ തീരുമാനം അംഗീകരിച്ചു എന്ന് നാട്ടാരറിഞ്ഞാല്‍ കുറച്ചിലാകുമെന്ന വിചാരം അപ്പോഴും നേതാക്കള്‍ക്കുണ്ടായിക്കാണണം. അതുകൊണ്ടാണ്, ഭക്തര്‍ക്ക് അസുഖം പകര്‍ന്നേക്കാം എന്ന ആശങ്കയുള്ളതിനാലാണ് ഉത്സവം വേണ്ടെന്നു തീരുമാനിച്ചതെന്ന വാദം നിരത്തി. തന്ത്രിയാവട്ടെ താന്‍ നല്‍കിയ കത്ത് സര്‍ക്കാര്‍ അംഗീകരിച്ചതില്‍ വിജയപുളകിതനുമായി. ഫലത്തില്‍ രണ്ടുകൂട്ടര്‍ക്കും ജയം.
തന്ത്രി എന്തുപറഞ്ഞാലും അങ്ങനെയങ്ങ് അംഗീകരിക്കാന്‍ പറ്റില്ലെന്ന് മുന്‍പ് തുറന്നു പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി തന്ത്രിയുടെ നിര്‍ദേശത്തോട് അങ്ങനെതന്നെ യോജിച്ചു എന്നു പറയാനാവുമോ. അതിന് വേറെ കാരണങ്ങള്‍ ഉണ്ടെന്നല്ലേ മനസിലാക്കേണ്ടത്.
ക്ഷേത്രം തുറക്കാതിരുന്നാല്‍ യുവതികളെത്തിയാലുണ്ടായേക്കാവുന്ന സാഹചര്യം ബോധപൂര്‍വം ഒഴിവാക്കാം. കൊവിഡ് സമയം യുവതികള്‍കൂടി വന്നാല്‍ സംഘപരിവാരം അക്രമത്തിലേക്ക് തിരിയാനും പൊലിസ് ഇപ്പോള്‍ത്തന്നെ കൊവിഡില്‍ വട്ടംകറങ്ങുന്ന സ്ഥിതിയില്‍ ഇതിനെ നേരിടുക പ്രയാസകരമാവുകയും കൊവിഡ് പകര്‍ച്ച കൂടാന്‍ കാരണമാകുമെന്നുമൊക്കെയുള്ള സാധ്യതകള്‍ സര്‍ക്കാര്‍ മുന്നില്‍കണ്ടിട്ടുണ്ടാവണം. ഇതുവച്ച് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സംഘപരിവാരം ഉണ്ടാക്കിയേക്കാവുന്ന മൈലേജും മുന്നില്‍കാണണമല്ലോ.
ഉത്സവം എന്നു നടത്തുമെന്നോ എന്ന് ഭക്തര്‍ക്ക് പ്രവേശനം നല്‍കി തുടങ്ങുമെന്നോ പ്രഖ്യാപിക്കാതെ അടച്ചിടല്‍ തുടരാനുള്ള തീരുമാനം നീണ്ടുപോകുന്നതുകൊണ്ട് സര്‍ക്കാരിന് വേറെയും നേട്ടമുണ്ട്.
ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കേ ഭക്തരെ കൂടെ നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു വ്യക്തം. യുവതിപ്രവേശനത്തിന് പഴയതുപോലെ ഇനിയും ശ്രമിച്ചാല്‍ ഇതെതിര്‍ക്കുന്ന അണികളുടെയും അനുഭാവികളുടെയും വോട്ട് നഷ്ടമായേക്കുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നുണ്ട്. അതല്ലാതെ സംഘപരിവാരം സി.പി.എമ്മിന്റെ മുന്നില്‍ ചോദ്യമേ അല്ല. ഇനി ശബരിമലയുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുതിരുകയില്ലെന്നാണ് പൊതുവേ കരുതുന്നത്. തെരഞ്ഞെടുപ്പിനുശേഷം ബാക്കി. ഭരണത്തില്‍ വന്നാല്‍ ഇന്ത്യപാക് യുദ്ധം പോലെ ഇടയ്ക്കിടക്ക് യുവതികളെ വിട്ടുകൊണ്ട് ഭരണത്തിലെ വീഴ്ചകളും ഭരണത്തിനെതിരായ ആരോപണങ്ങളും പരിഹരിക്കാന്‍ ശ്രമിക്കാവുന്നതല്ലേയുള്ളൂ എന്നു കരുതുന്നതും ബുദ്ധിയാണേ.
ചുരുക്കിപ്പറഞ്ഞാല്‍ തന്ത്രിയും മന്ത്രിയും ഒന്നായപ്പോള്‍ ഇളിഭ്യരായത് സംഘപരിവാരമാണ്. മുട്ടനാടിന്റെ ചോര നുണയാനുള്ള ഒരവസരം കൈയിലെത്തിയെന്നു വിചാരിച്ചെങ്കിലും കപ്പിനു ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു. ഇനി തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയ വികാരം ബി.ജെ.പി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആലോചന തുടങ്ങിക്കാണും. അതുകൊണ്ട് പുതിയ സംഭവങ്ങളുടെ അവതാരവും കണ്ടേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."