ഹറമിലെ റംസാന്‍ ഇഫ്ത്വാറിനുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു
മക്ക: റംസാനില്‍ മക്കയിലെ ഹറം മുറ്റത്തു സജ്ജീകരിക്കുന്ന സൗജന്യ ഇഫ്ത്വാര്‍ വിതരണത്തിനുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ ഹറം കാര്യാലയം പ്രഖ്യാപിച്ചു. ഇഫ്ത്വാര്‍ വിതരണത്തിനായുള്ള പ്രത്യേക കമ്മിറ്റിയാണ് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. ഹറം മുറ്റത് ഇവ സജ്ജീകരിക്കാനുള്ള പ്രവര്‍ത്തനച്ചിലവെന്നോണം ഓരോ സൗജന്യ ഇഫ്ത്വാര്‍ കിറ്റിനും മുപ്പതു ഹലാല (55 പൈസ) നല്‍കണമെന്നാണ് ഇതില്‍ പ്രധാനം. ഇഫ്ത്വാര്‍ വിതരണത്തിനുള്ള സന്നദ്ധ സംഘടനകള്‍ക്കും കമ്മറ്റിക്കും ഇടയില്‍ ആശയ വിനിമയത്തിനായി ഓഫീസറെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഏല്‍പ്പിക്കപ്പെടുന്ന സ്ഥലങ്ങളില്‍ റംസാനില്‍ വിതരണം ചെയ്യുന്ന മൊത്തം ഇഫ്ത്വാറുകളുടെ എണ്ണം കമ്മിറ്റിയെ മുന്‍കൂട്ടി അറിയിച്ചിരിക്കണം. ഓരോ ദിവസവും നല്‍കുന്ന എണ്ണവും അതാത് ദിവസങ്ങളില്‍ നല്‍കണം. അനുവദിച്ചിട്ടുള്ളതിലധികം ഇഫ്ത്വാര്‍ വിതരണം ചെയ്യണമെങ്കില്‍ കമ്മിറ്റിയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണം. ഇരുപതിനായിരവും അതിലധികവും കിറ്റുകള്‍ വിതരണം ചെയ്യുന്ന സംഘടനകള്‍ അടിയന്തിര സാഹചര്യത്തില്‍ വിതരണം ചെയ്യാനായി അഞ്ചു ശതമാനം പ്രത്യേകം മാറ്റി വെക്കണം. സ്ത്രീകള്‍ക്ക് മുപ്പതു ശതമാനം നീക്കി വെക്കണം.
പച്ച നിറത്തിലുള്ള സുപ്രകളിലാണ് വിതരണം ചെയ്യേണ്ടത്. ഇരുപതു മീറ്റര്‍ നീളമുള്ള ഒരു സുപ്രയില്‍ വിതരണത്തിനുള്ള ജീവനക്കാര്‍ മൂന്നില്‍ കുറയാതെ വേണം. ഹറമിന്റെ മുറ്റത് ഭക്ഷണം എത്തിക്കാനായി ഫ്രീസര്‍ സംവിധാനമുള്ള വാഹനങ്ങള്‍ ഉപയോഗിക്കണം. ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ശേഖരിച്ചു കമ്മിറ്റിയെ ഏല്‍പ്പിക്കണം എന്നിവയാണ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍. ലോകത്തെ ഏറ്റവും വലിയ ഇഫ്ത്വാര്‍ സംഗമമാണ് മക്കയിലെയും മദീനയിലെയും ഹറം മുറ്റങ്ങളില്‍ റംസാനില്‍ നടക്കുന്ന ഇഫ്ത്വാറുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."