അഭിമന്യുവിന്റെ ക്ലാസില്‍ ആരും എത്തിയില്ല; പുസ്തകങ്ങള്‍ മാത്രമായി
കൊച്ചി: കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് രണ്ടുദിവസമായി അടച്ചിട്ടിരുന്ന എറണാകുളം മഹാരാജാസ് കോളജ് ഇന്നലെ വീണ്ടും തുറന്നെങ്കിലും എങ്ങും ശോകമൂകമായ അന്തരീക്ഷം. അഭിമന്യുവിന്റെ ക്ലാസില്‍ ഒരു വിദ്യാര്‍ഥിപോലും എത്തിയില്ല. ക്ലാസ് റൂമിന്റെ വാതിലുകള്‍ അടഞ്ഞുകിടന്നു.
കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് അഭിമന്യുവിന്റെ ക്ലാസ് മുറി തുറന്ന് അവിടെ അനുശോചനയോഗം കൂടിയെങ്കിലും പലര്‍ക്കും സങ്കടം അടക്കാന്‍ കഴിഞ്ഞില്ല. 37 വിദ്യാര്‍ഥികളാണ് ഈ ക്ലാസിലുള്ളത്. അഭിമന്യുവിന്റെ ഓര്‍മകള്‍ തങ്ങളെ വേട്ടയാടുന്നു, ഞങ്ങളുടെ 'വട്ടവട' ഇല്ലാത്ത ക്ലാസില്‍ എങ്ങനെ ഇരിക്കുമെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ അഭിമന്യു ബാക്കിവച്ചുപോയ മൂന്ന് പുസ്തകങ്ങള്‍ ക്ലാസ് മുറിയിലെ ഷെല്‍ഫില്‍ ഇന്നലെയും ഇരിപ്പുണ്ടായിരുന്നു.
അഭിമന്യുവിന്റെ ഫിസിക്‌സ് റെക്കോഡ് ബുക്കും മാത്‌സും കെമിസ്ട്രിയും നോട്ടുബുക്കുകളാണ് ഷെല്‍ഫിലുള്ളത്.
മറ്റു കുട്ടികളുടെ റെക്കോഡ് ബുക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും താമസിച്ചതിനാല്‍ അഭിമന്യുവിന്റെ റെക്കോഡ് ബുക്ക് മാത്രം ക്ലാസില്‍ ബാക്കിയാവുകയായിരുന്നു. കുട്ടികളെ സാധാരണനിലയിലേക്കു കൊണ്ടുവരാന്‍ രക്ഷകര്‍ത്താക്കളുമായി ചേര്‍ന്ന് കൗണ്‍സലിങ്ങും മറ്റും നല്‍കാനുള്ള തീരുമാനത്തിലാണ് അധ്യാപകര്‍. ഇതിനായി കഴിഞ്ഞ വര്‍ഷം കോളജിലെ കെമിസ്ട്രി ട്യൂട്ടറായിരുന്ന, സ്ഥലം മാറിപ്പോയ അധ്യാപിക ലിജി അടക്കമുള്ളവര്‍ വീണ്ടും മഹാരാജാസിലേക്കു വരുന്നുണ്ട്. എത്രയുംപെട്ടെന്ന് കുട്ടികളെ കോളജിലെത്തിക്കണം എന്ന നിലപാടിലാണ് കോളജ് അധികൃതര്‍. എന്നാല്‍ തങ്ങളുടെ പ്രിയചങ്ങാതിയില്ലാത്ത ക്ലാസ് റൂമിലേക്ക് എങ്ങനെ വരുമെന്നാണ് കുട്ടികള്‍ ചോദിക്കുന്നത്. മഹാരാജാസിനെ നെഞ്ചേറ്റിയ തങ്ങളുടെ അഭി മഹാരാജാസിന്റെ അടുത്തുതന്നെ നെഞ്ച് പിളര്‍ന്നുകൊലചെയ്യപ്പെട്ടില്ലെയെന്നും അവര്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."