യുവാവിന്റെ അസ്വാഭാവിക മരണം; പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു
ബാലുശ്ശേരി: യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നന്മണ്ട പൊയില്‍ താഴത്ത് കടുങ്ങോന്‍ കണ്ടി രാജേഷി (38)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാജേഷിന്റെ വീട് ആക്രമിച്ചതിനും അസ്വാഭാവിക മരണത്തിനും പിതാവിന്റെ സഹോദരനും മകനും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ബാലുശ്ശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പ്രതികളെ പിടികൂടുന്നതില്‍ പൊലിസ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതി.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് രാജേഷിന്റെ വീട് പിതാവിന്റെ സഹോദരനും മകനും ഉള്‍പ്പെടുന്ന സംഘം ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തത്. മര്‍ദനത്തില്‍ പരുക്കേറ്റ രാജേഷിനെ അടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നുണ്ട്. ഒരു മാസം മുന്‍പ് പൊയില്‍താഴത്ത് താഴെയില്‍ മോഹനനെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ദുരൂഹത നിലനില്‍ക്കെയാണ് രാജേഷിന്റെ മരണവും. രാജേഷിന്റെ ശരീരത്തിലെ മുറിവുകളും സാഹചര്യത്തെളിവുകളുമാണ് നാട്ടുകാരില്‍ ദുരൂഹതയുണ്ടാക്കുന്നത്.
അതേസമയം പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ബാലുശ്ശേരി എസ്.ഐ എം.വി ബിജു പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലിസ് പറഞ്ഞു.
കുടിവെള്ളം മലിനമാക്കിയതിനെതിരേ കേസെടുക്കണം
ബാലുശ്ശേരി: മരിച്ച നിലയില്‍ കണ്ടെത്തിയ രാജേഷ് ജോലി ചെയ്തിരുന്ന ഹാന്‍ഡ് വാഷ് നിര്‍മാണ കടയിലെ രാസപദാര്‍ഥങ്ങള്‍ കിണറിലിട്ട് വെള്ളം അശുദ്ധമാക്കിയതിനെതിരേയും കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
രാസവസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ന്നതിനാല്‍ അടുത്ത വീട്ടുകാരും ആശങ്കയിലാണ്.
വീട് ആക്രമിച്ച സംഘം തന്നെയാണ് കടയും തല്ലി തകര്‍ത്ത് ഹാന്‍ഡ് വാഷ് ലായനി നിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കള്‍ കടയ്ക്ക് പിന്നിലെ കിണറിലിട്ടതെന്ന് നാട്ടുകാര്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."