എസ്‌കോബാറിന്റെ ചോര വീണ കറുത്ത ദിനത്തിന്റെ പിറ്റേന്ന്; 'കൊളംബിയ ക്രൂശിക്കപ്പെടാതിരിക്കട്ടെ'
ജൂലൈ രണ്ട് 1994, ആന്ദ്രെസ് എസ്‌കോബാര്‍ എന്ന കരുത്തനും ശാന്തനുമായ കൊളംബിയന്‍ പ്രതിരോധ ഭടന്റെ ചോര വീണ കൊളംബിയയിലെ എല്‍പൊബ്ലാഡോ നഗരത്തിലെ എല്‍ഇന്‍ഡിയോ ബാര്‍ ക്ലബിന്റെ പാര്‍ക്കിങ് ഏരിയയില്‍ നനവ് പടര്‍ന്നു. ആറു തവണയാണ് അക്രമികള്‍ ജെന്റില്‍മാന്‍ എന്നു വിളിപ്പേരുള്ള ദേശീയ ടീമിന്റെ സെന്റര്‍ ബാക്ക് ഡിഫന്‍ഡര്‍ക്ക് നേരെ നിറയൊഴിച്ചത്. ആ വര്‍ഷം അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ നേരിടുന്നതിനിടെയാണ് എസ്‌കോബാറിന്റെ ജീവന്റെ വിലയുള്ള ആ ഗോള്‍ പിറന്നത്. അമേരിക്കന്‍ കൗണ്ടര്‍ അറ്റാക്ക് പ്രതിരോധിക്കുന്നതിനിടെ സ്വന്തം കാലില്‍ തട്ടി പന്ത് വലയില്‍ കയറി. എസ്‌കോബാറിന്റെ പ്രതിരോധം മറികടന്ന് പന്ത് എത്തിയാലും അത് ഗോളിലേക്ക് തൊടുക്കാന്‍ പാകത്തില്‍ അമേരിക്കന്‍ താരം തൊട്ടടുത്ത് മാര്‍ക്ക് ചെയ്യപ്പെടാതെയുണ്ടായിരുന്നു. മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോറ്റു. കൊളംബിയയുടെ രണ്ടാം തോല്‍വിയായിരുന്നു ഇത്. റൊമാനിയയോടായിരുന്നു ആദ്യ തോല്‍വി. അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനെ മറുപടയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയെങ്കിലും നോക്കൗട്ട് കാണാതെ ടീം പുറത്തായി. അഞ്ചു ദിനങ്ങള്‍ക്കിപ്പുറം ജൂലൈ രണ്ടിനാണ് ലോകം ആ വാര്‍ത്ത കേട്ടത്. രാജ്യത്തിന്റെ തോല്‍വിക്ക് കാരണമായ സെല്‍ഫ് ഗോള്‍ വഴങ്ങിയ എസ്‌കോബാര്‍ വെടിയേറ്റ് മരിച്ചു.
കാലങ്ങള്‍ക്കിപ്പുറം ആ കറുത്ത ദിനത്തിന്റെ ഓര്‍മദിവസത്തിന് പിറ്റേന്ന് റഷ്യയിലെ പച്ചപ്പുല്‍ മൈതാനത്ത് കൊളംബിയ വീണ്ടും വീണിരിക്കുന്നു. പരാജയം മണത്തെങ്കിലും മിനയുടെ ഗോളില്‍ കരുത്തോടെ തിരിച്ചെത്തിയ കൊളംബിയയുടെ തോല്‍വിക്ക് നിര്‍ഭാഗ്യത്തിന്റെ അകമ്പടിയുമുണ്ട്.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കരുത്തരായ ഇംഗ്ലണ്ടിനോട് 4-3 ന് തോറ്റതോടെ ഹൊസെ പെക്കര്‍മാന്റെ കൊളംബിയ മടങ്ങുകയാണ്. പരാജയത്തിന്റെ വേദനയിലും മനസ്സില്‍ അപായ സൂചനയുടെ പേടിയിലാണ് താരങ്ങളുടെ മടക്കം. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ജപ്പാന് അനുകൂലമായ പെനാല്‍ട്ടിക്ക് കാരണമായ കാര്‍ലോസ് സാഞ്ചസിന്റെ 'കൈയിന് 'നേരെ അന്നേ കൊലിവിളി ഉയര്‍ന്നതാണ് താരങ്ങളെ അസ്വസ്ഥരാക്കുന്നത്. കളിയുടെ മൂന്നാം മിനുട്ടില്‍ റെഡ് കാര്‍ഡ് കണ്ട് സാഞ്ചസ് മടങ്ങിയ മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഏഷ്യന്‍ കരുത്തരോട് തോറ്റിരുന്നു. പിന്നീട് പോളണ്ടിനേയും ആഫ്രിക്കന്‍ കരുത്തരായ സെനഗലിനേയും കീഴടക്കിയാണ് കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി രണ്ടാം റൗണ്ടിലെത്തിയത്.
ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ പെനാല്‍ട്ടി പാഴാക്കിയ മിഡ്ഫീല്‍ഡര്‍ മത്യേസ് ഉറീബെ, സ്‌ട്രൈക്കര്‍ കാര്‍ലോസ് ബാക്ക എന്നിവരെ അസ്വസ്ഥരാക്കുന്നതും സഞ്ചസിനെതിരേ ഉയര്‍ന്ന കൊലവിളിയാണ്. ഭയപ്പെടാതിരിക്കാന്‍ എസ്‌കോബാറിന്റെ മരണം അവരെ അനുവദിക്കുന്നുമില്ല.
2014ലെ ഗോള്‍ഡന്‍ ബോയി ഹാമിഷ് റോഡിഗ്രസ് കളത്തിലുണ്ടായിരുന്നെങ്കില്‍ എന്ന് കാല്‍പന്തുകളി പ്രേമികള്‍ ആശിച്ച നിമിഷങ്ങള്‍ മിന്നി മറഞ്ഞ മത്സരത്തിന്റെ അവസാനം നോക്കൗട്ട് റൗണ്ടില്‍ കാലിടറുന്ന കൊളംബിയന്‍ ദുരന്തം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടു. തോല്‍ക്കാതിരിക്കാന്‍ ആവുന്നതെല്ലാം ചെയ്താണ് റഡമല്‍ ഫാല്‍ക്കാവോയുടെ നേതൃത്വത്തിലുള്ള കൊളംബിയ മടങ്ങുന്നത്. അവര്‍ ക്രൂശിക്കപ്പെടാതിരിക്കട്ടെയെന്ന പ്രാര്‍ഥന മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."