മലയാളിതാരം അപര്‍ണ റോയിക്ക് വെങ്കലം
ബാങ്കോക്ക്: യൂത്ത് ഒളിംപിക്‌സിനുള്ള ഏഷ്യന്‍ ഏരിയ യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം അപര്‍ണ റോയിക്ക് വെങ്കലം. തായ്‌ലന്റിലെ ബാങ്കോക്കില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഇന്നലെ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും ലഭിച്ചു. ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കുന്‍വീര്‍ അജയ്‌രാജ് സിങ് റാണയും മധ്യദൂര ഓട്ടത്തില്‍ തായ് ബമാനേയും യൂത്ത് ഒളിംപിക്‌സിന് യോഗ്യത നേടി. ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലാണ് യൂത്ത് ഒളിംപിക്‌സ്. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് അപര്‍ണ റോയി വെങ്കലം നേടിയത്. 13.98 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അപര്‍ണ മെഡല്‍ നേടിയത്.
അപര്‍ണയ്ക്ക് നേരിയ വ്യത്യാസത്തില്‍ യൂത്ത് ഒളിംപിക്‌സ് യോഗ്യത നഷ്ടമായി. ചൈനീസ് തായ്‌പേയുടെ തിങ് വേ ലീ 13.63 സെക്കന്റ് സമയത്തില്‍ ഫിനിഷ് ലൈല്‍ മറികടന്ന് സ്വര്‍ണം നേടി. ചൈനയുടെ യിരു ദാക്കാണ് വെള്ളി (13.76 സെക്കന്റ്). മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ടോമി ചെറിയാന്റെ കീഴിലാണ് അപര്‍ണയുടെ പരിശീലനം. കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ റോയി - ടീന ദമ്പതികളുടെ മകളാണ് അപര്‍ണ. ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കുന്‍വര്‍ അജയ് രാജ് സിങാണ് ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. 76.13 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച അജയ്‌രാജ് യൂത്ത് ഒളിംപിക്‌സ് യോഗ്യതയും സ്വന്തമാക്കി. ഇന്ത്യയുടെ തന്നെ വികാസ് യാദവ് 68.65 മീറ്റര്‍ എറിഞ്ഞു വെങ്കലം നേടി. ജപ്പാന്റെ നകാമുറ 72.04 മീറ്റര്‍ എറിഞ്ഞു വെള്ളി സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ തായ് ഹിരാമന്‍ ബമാനേ വെള്ളി നേടിയാണ് യൂത്ത് ഒളിപിക്‌സ് യോഗ്യത സ്വന്തമാക്കിയത്. നാല് മിനുട്ട് 25.66 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ബമാനേ ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. ജപ്പാന്റെ യാക്കി (നാല് മിനുട്ട് 24.21 സെക്കന്റ്) സ്വര്‍ണം നേടിയപ്പോള്‍ ചൈനയുടെ ഗുപിങ് സാങിനാണ് വെങ്കലം. ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ ഇഖ്‌റം അലിഖാന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ ഇന്ത്യയുടെ രാഘവിന് നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ മലയാളി താരം സാന്ദ്രാ ബാബു അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."