കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ യു.പി.എ പ്രതിജ്ഞാബദ്ധം: ഉമ്മന്‍ചാണ്ടി
കൂരാച്ചുണ്ട്: കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ യു.പി.എയും യു.ഡി.എഫും പ്രതിജ്ഞാബദ്ധമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോഴിക്കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ പര്യടന പരിപാടി കൂരാച്ചുണ്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന രാഹുല്‍ പ്രഖ്യാപിച്ച പദ്ധതിയെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. കര്‍ഷകരും കാര്‍ഷിക മേഖലയും ശക്തമായാലേ രാജ്യം ശക്തമാവുകയുള്ളൂ. രാജ്യത്ത് ഏറ്റവും പ്രയാസം അനുഭവിക്കുന്നത് കര്‍ഷകരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കര്‍ഷകര്‍ക്ക് ഒന്നും ലഭിച്ചിട്ടില്ല. ഉല്‍പാദന ചെലവു പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വില നിര്‍ണയത്തില്‍പോലും കര്‍ഷകര്‍ക്ക് സ്ഥാനമില്ലാത്ത സ്ഥിതിയാണ്. മനുഷ്യ ജീവന് വന്യജീവികളുടേതിനേക്കാള്‍ വിലയുണ്ടെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗ സംരക്ഷണ നിയമം ജനങ്ങള്‍ക്ക് എതിരാവരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ വിധിയെഴുത്തുണ്ടാകണം. മാതൃകാ ജനപ്രതിനിധിയാണ് എം.കെ രാഘവന്‍. മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ എം.പി വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ലോക്‌സഭാ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ പാണ്ടികശാല അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.എം നിയാസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, യു.സി രാമന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, ഒ.കെ അമ്മദ്, അഗസ്റ്റിന്‍ കാരക്കട, കെ. രാമചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, ടി. ഗണേഷ്ബാബു, കെ.കെ നാരായണന്‍, സി. വീരാന്‍കുട്ടി, സി.പി ബഷീര്‍, ഷുക്കൂര്‍ തയ്യില്‍, ദേവദാസ് കുട്ടമ്പൂര്‍, എസ്.പി കുഞ്ഞമ്മദ്, എം. ഋഷികേശന്‍, വി.എസ് ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."