'പ്രേമലേഖനം' വിട്ടുകിട്ടാന്‍ ബഷീര്‍ എഴുതിയ കത്തിന് 70 വയസ്
കോഴിക്കോട്: ആദ്യനോവലിന്റെ നിരോധനം നീക്കണമെന്നഭ്യര്‍ഥിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ തിരുവിതാംകൂര്‍ ദിവാന് എഴുതിയ കത്തിന് 70 വയസ്. സ്വന്തം കൈപ്പടയില്‍ ബഷീര്‍ എഴുതിയ ഈ കത്ത് സംസ്ഥാന പുരാവസ്തുവകുപ്പിന്റെ കോഴിക്കോട്ടെ റീജ്യനല്‍ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്ന് 24 വര്‍ഷം പിന്നിടുമ്പോള്‍ ബേപ്പൂര്‍ സുല്‍ത്താന്റെ രചനകള്‍ക്കൊപ്പം അദ്ദേഹം നടന്നുപോയ ചരിത്രവഴികളുടെ അടയാളങ്ങളും കൗതുകമാകുകയാണ്.
1948 ജൂണ്‍ 23ന് അന്നത്തെ തിരുവിതാംകൂര്‍ പ്രധാനമന്ത്രി(ദിവാന്‍) പട്ടംതാണുപിള്ളക്കാണ് നിരോധനം നീക്കണമെന്നഭ്യര്‍ഥിച്ച് ബഷീര്‍ കത്തെഴുതിയത്. 'പ്രേമലേഖനം എന്ന പേരില്‍ എന്റെ വകയായി ഒരു ചെറുനോവലുണ്ട്. അത് സര്‍ സി.പി.രാമസ്വാമി അയ്യര്‍ അവര്‍കള്‍ ദിവാനായിരുന്ന കാലത്ത് തിരുവിതാംകൂറില്‍ നിരോധിക്കുകയുണ്ടായി.
ആ നിരോധനം ഇപ്പോഴും നിലവിലുണ്ട്. അതെന്തിനാണ് നിരോധിച്ചതെന്ന് ഇപ്പോഴും എനിക്കു രൂപമില്ല. വെറും ഒരു തമാശക്കഥയാണത്. പ്രസാധകന്‍മാര്‍, മംഗളോദയം ലിമിറ്റഡ്, തൃശ്ശിവപേരൂറാണ്. ആ പുസ്തകത്തിന്റെ മേല്‍നിരോധനം നീക്കിത്തരുവാന്‍ അപേക്ഷ'എന്ന് അവസാനിക്കുന്ന കത്താണ് ഇന്നും അമൂല്യശേഖരമായി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യസമരകാലത്ത് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ക്കെതിരേ ലേഖനങ്ങള്‍ എഴുതിയെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെട്ടപ്പോഴാണ് ബഷീര്‍ 'പ്രേമലേഖനം' നോവല്‍ എഴുതി പൂര്‍ത്തിയാക്കിയത്.
ജയിലില്‍ വച്ച് സഹതടവുകാരുടെ ആവശ്യപ്രകാരം പല കഥകളും എഴുതിയെങ്കിലും ജയില്‍മോചിതനായി വരുമ്പോള്‍ പ്രേമലേഖനം മാത്രമാണ് ബഷീറിന് പുറത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചത്. ബഷീര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായതിന്റെ രേഖയും കോഴിക്കോട്ടെ ആര്‍ക്കൈവ്‌സിലുണ്ട്.
ജയില്‍മോചിതനായ ശേഷം തൃശൂരിലെ മംഗളോദയമാണ് 'പ്രേമലേഖനം' പ്രസിദ്ധീകരിച്ചത്. എന്നാല്‍ മുന്‍വൈരാഗ്യം കണക്കിലെടുത്ത് തിരുവിതാംകൂറില്‍ നോവല്‍ നിരോധിക്കാന്‍ സര്‍ സി.പി 1944ല്‍ ഉത്തരവിറക്കുകയായിരുന്നു. 'പ്രേമലേഖന'മെന്ന കൃതി സദാചാരവിരുദ്ധത പ്രചരിപ്പിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു എന്ന കുറ്റമാരോപിച്ചായിരുന്നു നോവല്‍ നിരോധിച്ചതും കോപ്പികള്‍ കണ്ടുകെട്ടിയതും. ആറ് വര്‍ഷത്തേക്കായിരുന്നു നിരോധനം.
എന്നാല്‍ ജനകീയപ്രക്ഷോഭത്തിന്റെ ഫലമായി സര്‍ സി.പി 1947ല്‍ തിരുവിതാംകൂര്‍ വിട്ടെങ്കിലും ഇതിനുശേഷവും നിരോധനം നിലനിന്നു. ഈ സാഹചര്യത്തിലാണ് തിരുവിതാംകൂറില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായ പട്ടം താണുപിള്ളക്ക് ബഷീര്‍ കത്തെഴുതിയത്. കത്ത് കിട്ടിയ ഉടനെ നോവലിന്റെ നിരോധനം നീക്കിയിരുന്നു.
ഈ കത്തുള്‍പ്പെടെ വൈക്കം മുഹമ്മദ് ബഷീര്‍ പുതുതലമുറക്കായി ബാക്കിവച്ച ചരിത്രാവശിഷ്ടങ്ങള്‍ കാണാനും പഠിക്കാനുമായി നിരവധി പേരാണ് കോഴിക്കോട്ടെ പുരാവസ്തുവകുപ്പിന്റെ റീജ്യണല്‍ ആര്‍ക്കൈവ്‌സ് കേന്ദ്രത്തില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."