ബൈക്ക് യാത്രികന് ആക്രമണം: അഞ്ചുപേര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് ബൈക്ക് തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് അറസ്റ്റുചെയ്തു. കണ്ടോത്ത് കെ.വി.ആര്‍ മോട്ടോര്‍സ് മാനേജര്‍ കുഞ്ഞിമംഗലത്തെ പി. വിഷ്ണുപ്രസാദ് (23), ഷോറൂമിലെ ജീവനക്കാരായ തളിപ്പറമ്പ് കരിമ്പത്തെ കെ.വി ബാബു (50), കാസര്‍കോട് പെരുമ്പളയിലെ സി. അശ്വിന്‍ (29), ബക്കളം കാനൂല്‍ മോത്തി കോളനിയിലെ ടി. ഷിബിന്‍ ജസ്റ്റിന്‍ (20), എരമം പേരൂര്‍ സൗത്തിലെ കെ.വി മഹേഷ് (30) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ വി. സിജിത്തും സംഘവും പിടികൂടിയത്.
ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കൊറ്റി റെയില്‍വേ മേല്‍പാലത്തിനടുത്ത റോഡിനു സമീപം തൃക്കരിപ്പൂര്‍ ഒളവറയിലെ സെയ്ന്‍ മോട്ടോര്‍സ് ജീവനക്കാരനായ ഏഴോം നരിക്കോട് പഞ്ചാരകുളത്തെ തെക്കന്‍ ജിബിന്‍ ചന്ദ്രനും സഹപ്രവര്‍ത്തകനായ ഹാഷിമും കൂടി കേളോത്തെ പെട്രോള്‍പമ്പില്‍നിന്ന് ഇന്ധനം നിറച്ചുതിരിച്ചുപോകവെ അഞ്ചുപേരും ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി ബലമായി താക്കോല്‍ ഊരിയെടുക്കുകയും തള്ളിയിട്ട് മര്‍ദിച്ചെന്നുമാണു പരാതി.
പരുക്കേറ്റ ജിബിന്‍ ചന്ദ്രനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മോട്ടോര്‍ കമ്പനി ഷോറൂമുകള്‍ തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തെചൊല്ലിയായിരുന്നു അക്രമം.പരാതി അന്വേഷിക്കാന്‍ കണ്ടോത്തെ ഷോറൂമില്‍ എത്തിയ എസ്.ഐയോട് മാനേജര്‍ കയര്‍ത്ത് സംസാരിച്ചതായും അപമര്യാദയായി പെരുമാറിയെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."