സ്‌കൂള്‍ പരിസരത്തു നിന്ന് ലഹരി വസ്തുക്കളുടെ വന്‍ ശേഖരം പിടികൂടി
കാസര്‍കോട്: ലഹരി വസ്തുക്കളുടെ വന്‍ ശേഖരം സ്‌കൂള്‍ പരിസരത്തു നിന്ന് പിടികൂടി. ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുള്ള ഹോട്ട് ബുജേ എന്ന സ്ഥാപനത്തില്‍ നിന്ന് കാസര്‍കോട് എസ്.ഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ലഹരി വസ്തുക്കളും അവ ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളും പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
ബ്രെയിന്‍ ഫ്രീസര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ലഹരി ദ്രാവകം, കഞ്ചാവ്, പാന്‍ പരാഗ് എന്നിവ പിടിച്ചെടുത്തവയില്‍ ഉണ്ട്. ഇതിനു പുറമെ കഞ്ചാവ് വലിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന സില്‍വര്‍ ഫോയില്‍ പേപ്പറുകളും പിടിച്ചെടുത്തതായി പൊലിസ് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഹുക്കയാണ് പിടിച്ചെടുത്തതില്‍ ഒന്ന്. ഇത് വഴി നാലും അഞ്ചും ആളുകള്‍ക്ക് ഒന്നിച്ചു ലഹരി ആസ്വദിക്കാമെന്നതാണ് പ്രത്യേകത. അറബികളുടെ ഹുക്ക ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ വലിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന തന്ത്രമാണ് ലഹരി മാഫിയകള്‍ പ്രയോഗിക്കുന്നത്. നാലും അഞ്ചും വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്നാണ് ഹുക്ക ഉപയോഗിക്കുന്നത്. ഹുക്കയും ഇലക്ട്രോണിക് പെന്‍ സിഗററ്റുകളുമാണ് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെയും ലഹരിക്കടിമകളാക്കാന്‍ മാഫിയകള്‍ ഉപയോഗിക്കുന്നത്.
ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പെന്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള പുത്തന്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി സുപ്രഭാതം മാസങ്ങള്‍ക്കു മുന്‍പ് വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച എസ്.ഐ.അജിത് കുമാറിന്റെ നേതൃത്വത്തില്‍ ബദിയടുക്ക ഭാഗത്തുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് പെന്‍ സിഗരറ്റ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം ഉപകരണങ്ങളും ലഹരി വസ്തുക്കളും പൊലിസ് പിടിച്ചെടുത്തത്. സംഭവത്തില്‍ സഹീര്‍ അബ്ബാസ്(38) എന്നയാളെ പൊലിസ് അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."